സാവോപോളോ: ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ താരം ലിയോണല്‍ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമല്ലെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ഒരു ബ്രീസിലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെലെ ഇക്കാര്യം വ്യക്തമാക്കിയത്

മെസ്സിയാണോ എക്കാലത്തെയും മികച്ചവനെന്ന ചോദ്യത്തിന് പെലെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടങ്ങളല്ലെ. പക്ഷെ, ഇരു കാലുകള്‍കൊണ്ടും ഹെഡ്ഡറിലൂടെയുമെല്ലാം ഗോള്‍ നേടുന്ന ഒരു കളിക്കാരനെ എങ്ങനെയാണ് ഒരു കാലുകൊണ്ടു മാത്രം ഗോള്‍ നേടുന്ന കളിക്കാരനുമായി താരതമ്യം ചെയ്യുക-കരിയറില്‍ മെസ്സി ഹെഡ്ഡര്‍ ഗോളുകള്‍ അധികം നേടാത്തതിനെ പരാമര്‍ശിച്ചായിരുന്നു പെലെയുടെ വാക്കുകള്‍.

ഞാനുമായി താരതമ്യം ചെയ്യണമെങ്കില്‍ അയാള്‍ രണ്ട് കാലുകള്‍ കൊണ്ടും തല കൊണ്ടും ഗോളടിക്കുന്ന ആളാകണം. മെസ്സിയാണോ മറഡോണയാണോ മികച്ചവനെന്ന് ചോദിച്ചാല്‍ മറഡോണയെന്നാകും തന്റെ ഉത്തരമെന്നും പെലെ പറഞ്ഞു.

തന്നോളം മികച്ചവനല്ല മെസ്സി എന്ന് പെലെ മുമ്പും പറഞ്ഞിട്ടുണ്ടെങ്കിലും 2015ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച ഫുട്ബോളറാണ് മെസ്സിയെന്ന് പറഞ്ഞിരുന്നു. അടുത്തിടെ മെസ്സിയാണോ റൊണാള്‍ഡോ ആണോ മികച്ചവനെന്ന ചോദ്യത്തിനും മെസ്സി എന്നായിരുന്നു പെലെയുടെ മറുപടി.