മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും സൗരവ് ഗാംഗുലിയുടെ പിന്തുണ. ആളുകള്‍ തെറ്റുവരുത്തുന്നത് സ്വാഭാവികമാണ്. ആരൊക്കെയാണോ തെറ്റ് ചെയ്തത്, അവരത് മനസിലാക്കി നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് ഉറപ്പാണ്. നമ്മള്‍ മനുഷ്യരാണ്, യന്ത്രങ്ങളല്ല, അതിനാല്‍ പെര്‍ഫെക്റ്റ് ആകാന്‍ കഴിയില്ല. വിവാദങ്ങളെ മറികടക്കണം, വീണ്ടും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നും ഗാംഗുലി പറഞ്ഞു.

മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ദാദയുടെ പ്രതികരണം. താരങ്ങളെ വ്യക്തിപരമായി തനിക്കറിയാം, അവരെല്ലാം നല്ല മനുഷ്യരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി എല്ലാവര്‍ക്കും മാതൃകയാണ്. എല്ലാ ജനറേഷനിലും ഇതിഹാസ താരങ്ങളെ ഇന്ത്യ സമ്മാനിച്ചിട്ടുണ്ട്. നമുക്ക് സുനില്‍ ഗവാസ്കറുണ്ടായിരുന്നു. അതിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വന്നു. സച്ചിന്‍ കരിയറിന് വിരാമമിട്ടപ്പോള്‍ അടുത്തത് ആരായിരിക്കും എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കോലി ആ പിന്തുടര്‍ച്ചയ്ക്ക് അവകാശിയായെന്നും ഇതിഹാസ നായകന്‍ പറഞ്ഞു.  

ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ ഗംഭീര മനുഷ്യന്‍മാരാണ്. കാരണം, അവരെല്ലാം മിഡില്‍ ക്ലാസ് പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്. അവിടെനിന്ന് പോരാടി ഇന്ത്യന്‍ ടീമില്‍ എത്തിയവരാണ്. ക്രിക്കറ്റ് കളിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് 11 പേരെ തെരഞ്ഞെടുക്കുന്നത് ചിന്തിക്കാനാവില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തിരുന്നു.

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നുപറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് താരങ്ങളെ ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിലും ഇവര്‍ക്ക് കളിക്കാനാവില്ല.