കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് ടീം കോംബിനേഷന്‍ മുതല്‍ ബാറ്റിംഗ് തകര്‍ച്ചവരെ നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ ശരിക്കും ഇന്ത്യയുടെ ജയപ്രതീക്ഷ അവസാനിച്ചത് വെര്‍നോണ്‍ ഫിലാന്‍ഡറുടെ നിര്‍ണായക തീരുമാനത്തിലായിരുന്നു. നാലാം ദിനം ചായക്കു പിരിയുന്നതിന് തൊട്ടു മുമ്പ് ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റ്സ്മാനായ വൃദ്ധിമാന്‍ സാഹ പുറത്താവുമ്പോള്‍ 82 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടാിരുന്നത്. ജയത്തിലേക്ക് പിന്നെയും 125 റണ്‍സകലം. ഇന്ത്യ തോല്‍വി ഉറപ്പാക്കിയ സമയം.
ചായക്കുശേഷം അശ്വിനൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന ഭുവനേശ്വര്‍കുമാര്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ പതുക്കെ 100 കടന്നു. ഫിലാന്‍ഡറെയും മോര്‍ക്കലിനെയും റബാദയെയും ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ദക്ഷിണാഫ്രിക്കയാകട്ടെ ഇരുവരുടെയും ബാറ്റിംഗ് കണ്ട് ആശങ്കപ്പെടാനും തുടങ്ങി. അതുവരെ മൂകമായിരുന്ന ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം പതുക്കെ ഉണര്‍ന്നു തുടങ്ങി.
പേസര്‍മാര്‍ ഭീഷണിയല്ലെന്ന് അശ്വിനും ഭുവിയും തെളിയിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ചു. എന്നാല്‍ അതും ഇരുവരെയും കുലുക്കിയില്ല. ഈ സമയം ജയത്തിലേക്ക് ഇന്ത്യക്ക് 76 റണ്‍സ് കൂടി മതിയായിരുന്നു. അശ്വിനും ഭുവിയും ചേര്‍ന്ന് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുമെന്ന് ആരാധകര്‍ സ്വപ്നം കണ്ട് തുടങ്ങിയ സമയം. മഹാരാജിനൊപ്പം ഫിലാന്‍ഡറായിരുന്നു മറുവശത്ത് പന്തെറിഞ്ഞിരുന്നത്.
അശ്വിനും ഭവിക്കും വലിയ ഭീഷണിയൊന്നും ഉയര്‍ത്താതിരുന്ന ഫിലാന്‍ഡറെ മാറ്റി മോണി മോര്‍ക്കലിനെ പന്തേല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ആലോചിച്ചപ്പോള്‍ ഒരോവര്‍ കൂടി തനിക്ക് നല്‍കണമെന്ന് ഫിലാന്‍ഡര്‍ ആവശ്യപ്പെട്ടു.
വിക്കറ്റ് കീപ്പറെ സ്റ്റംപിന് അടുത്ത് നിര്‍ത്തി ഫിലാന്‍ഡര്‍ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിലാണ് ഇന്ത്യക്ക് അശ്വിനെ നഷ്ടമായത്. രണ്ടാം പന്ത് ഷാമി ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ ഷാമിയെയും നാലാം പന്തില്‍ ബൂമ്രയെയും പുറത്താക്കി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്ക അര്‍ഹിച്ച വിജയം സമ്മാനിക്കുകയും ചെയ്തു. ഇക്കാര്യം മത്സരശേഷം ഷോണ്‍ പൊള്ളോക്ക് ചോദിച്ചപ്പോള്‍ ഫിലാന്‍ഡര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

