സ്‌പാനിഷ് പ്രതിരോധതാരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ക്ലബ് കരിയറില്‍ തുടര്‍ന്നും കളിക്കും.

ബാഴ്‌സലോണ: പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ സ്‌പാനിഷ് കുപ്പായത്തില്‍ നിന്ന് വിരമിച്ചു. ക്ലബ് കരിയറില്‍ ബാഴ്‌സലോണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ വിരമിക്കല്‍. റഷ്യന്‍ ലോകകപ്പില്‍ നിരാശപ്പെടുത്തിയ സ്‌പാനിഷ് ടീമില്‍ അംഗമായിരുന്നു. ദേശീയ ടീമിനായി 102 മത്സരങ്ങളില്‍ കളിച്ച താരം 2010 ലോകകപ്പ്, 2012 യൂറോ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 

സെവിയ്യക്കെതിരായ സ്‌പാനിഷ് സൂപ്പര്‍കോപ്പയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോളായിരുന്നു പ്രഖ്യാപനം. 'ലോകകപ്പ്, യൂറോകപ്പ് കിരീടങ്ങള്‍ നേടിയ സ്പാനിഷ് ടീമിനൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. എന്നാല്‍ ആ കഥ ഇവിടെ അവസാനിക്കുകയാണ്'- പിക്വെ പറഞ്ഞു. റഷ്യന്‍ ലോകകപ്പ് തന്‍റെ അവസാന മേജര്‍ ടൂര്‍ണമെന്‍റായേക്കുമെന്ന് പിക്വെ നേരത്തെ സൂചന നല്‍കിയിരുന്നു.