ലണ്ടൻ: ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിനിടെ കാണികളിൽ ഒരാൾ എയ്തുവിട്ട "അമ്പ്' മത്സരം തടസപ്പെടുത്തി. ഓവലിൽ സറേ-മിഡില്‍സെക്സ് മത്സരത്തിനിടെ നാലാംദിനമാണ് കളിമുടക്കി അമ്പെത്തിയത്. ഏകദേശം 18 ഇഞ്ച് നീളമുള്ള അമ്പാണ് മൈതാനത്ത് വീണത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സറേ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് പറഞ്ഞു.
പിച്ചിൽ നിന്ന് 10 മീറ്റർ അകലെ സറേ ഫീൽഡർ റോറി ബേൺസിന്റെ സമീപമാണ് അമ്പ് വന്നുവീണത്. കളിക്കാർ ഓടിച്ചെന്നു അമ്പയറെ ഇക്കാര്യം അറിയിച്ചതോടെ കളിനിർത്തി ഡ്രെസിംഗ് റൂമിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ജീവന് അപകടത്തിലാക്കാന്‍ പോലും സാധിക്കുന്നതാണ് ഈ അമ്പെന്ന് റിച്ചാർഡ് കൂട്ടിച്ചേർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
