വെല്ലുവിളിച്ച് വിരാട് കോലി, സ്വീകരിച്ച് നരേന്ദ്രമോദി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫിറ്റ്നസ് വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആണ് ഇന്ത്യന്‍ ജനതയ്ക്കായി ഫിറ്റ്നസ് ചലഞ്ച് കാംപയിന്‍ ആരംഭിച്ചത്.
ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഹാഷ്ടാഗിലാണ് കാംപയിന്‍ നടക്കുന്നത്. നമ്മള്‍ ആരോഗ്യവാനാണെങ്കില്‍ ഇന്ത്യയും ആരോഗ്യത്തോടെയിരിക്കും എന്നാണ് ഹാഷ് ടാഗ്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച കാംപയിന്‍ നിരവധി പ്രമുഖരാണ് ഏറ്റെടുത്തത്.
കാംപയിന്‍ ചലഞ്ച് ഏറ്റെടുത്ത വിരാട് കോലി വ്യായാമം ചെയ്യുന്ന വീഡിയോ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തന്‍റെ ഭാര്യ അനുഷ്ക ശര്‍മയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ചായിരുന്നു വീഡിയോ ട്വീറ്റ്.
റാത്തോഡ്, സാറിന്‍റെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ചിരിക്കുന്നു, ഒപ്പം ഭാര്യ അനുഷ്ക ശര്‍മയയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എംഎസ് ധോണിയെയും ഞാന്‍ ചലഞ്ച് ചെയ്യുന്നു- കം ഔട്ട് ആന്‍ഡ് പ്ലേ എന്ന ഹാഷ്ടാകും ചേര്‍ത്ത് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കോലിയുടെ ട്വീറ്റിന് മറുപടിയുമായി മോദിയെത്തി. ഞാന്‍ ഈ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു വിരാട്, ഞാന്‍ വ്യായാമം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈകാതെ ഞാനിവിടെ പോസ്റ്റ് ചെയ്യുമെന്നും മോദി ട്വിറ്ററില്‍ പ്രതികരിച്ചു.
കോലിക്കൊപ്പം സൈന നെഹവാള്‍, ഋതിക് റോഷന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയും റാത്തോഡ് ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളി സ്വീകരിച്ച് എല്ലാവരും രംഗത്തെത്തിയതോടെ കാംപയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
