കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി. ന്യുമോണിയ ബാധയെത്തുടര്‍ന്ന് നായകന്‍ ദിനേശ് ചണ്ഡിമലിനെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ചണ്ഡിമലിന്റെ ആഭാവത്തില്‍ രങ്കണ ഹെറാത്താവും ആദ്യ ടെസ്റ്റില്‍ ലങ്കയെ നയിക്കുക. ഇന്നലെ രാത്രിയാണ് ചണ്ഡിമലിന് ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ചണ്ഡിമലിനെ ഇപ്പോള്‍. ഒരാഴ്ചത്തെ വിശ്രമം ആണ് ചണ്ഡിമലിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 26ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ എന്തായാലും ചണ്ഡീമലിന് കളിക്കാനാവില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി കണക്കിലെടുത്തെ രണ്ടാം ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന കാര്യം പറയാനാകൂ.
എയ്ഞ്ചലോ മാത്യൂസ് നായകപദവി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ചണ്ഡിമലിനെ ലങ്കയുടെ പുതിയ ടെസ്റ്റ് നായകനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ ഇന്ത്യ ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 161 റണ്‍സടിച്ച് ലങ്കയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത് ചണ്ഡീമലായിരുന്നു. മാത്യൂസിന്റെ ഒഴിവില്‍ ഹെറാത്ത് ഏതാനും മത്സരങ്ങളില്‍ ലങ്കയെ നയിച്ചിട്ടുണ്ട്.
