ദില്ലി: ആരാധകർ തമ്മിൽ നടന്ന കൂട്ടത്തല്ലിനെ തുടർന്ന് ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ദില്ലി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടീം തിരഞ്ഞെടുപ്പിനിടെ എതിരാളി പര്‍വീണ്‍ റാണയുമായി കൂട്ടാളികള്‍ ഏറ്റുമുട്ടിയതിനാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീം തിരഞ്ഞെടുപ്പ് മത്സരം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സുശീല്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ അക്രമിക്കുകയായിരുന്നെന്ന് റാണ ആരോപിച്ചു. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു.

ആക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേതുടര്‍ന്നാണ് സുശീല്‍കുമാറിനും അനുയായികള്‍ക്കും എതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ദീപ് സിങ് രണ്‍ധാവ അറിയിച്ചു. സംഭവത്തിന് ശേഷം പര്‍വീണ്‍ റാണയ്‌ക്കെതിരെ പരാതി നല്‍കാന്‍ സുശീല്‍കുമാറും അനുയായികളും ഇതുവരെ തയാറായിട്ടില്ല.

Scroll to load tweet…