ബെംഗളൂരു ഫൈനലില്‍ പരാജയപ്പെടുത്തിയ പഞ്ചാബ് കിങ്സിന്റെ പരിശീലകൻ കൂടിയാണ് പോണ്ടിങ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെയുള്ള വിരാട് കോലിയുടെ വൈകാരിക പ്രകടനത്തോട് പ്രതികരിച്ച് ഇതിഹാസ താരം റിക്കി പോണ്ടിങ്. 18 വര്‍ഷമായി കോലി എത്രത്തോളം ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നുവെന്ന് വ്യക്തമായെന്നായിരുന്നു പോണ്ടിങ് പറഞ്ഞ്. ഒരു കളിക്കാരനെ സംബന്ധിച്ച് കിരീടം എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും തെളിഞ്ഞെന്ന് പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു ഫൈനലില്‍ പരാജയപ്പെടുത്തിയ പഞ്ചാബ് കിങ്സിന്റെ പരിശീലകൻ കൂടിയാണ് പോണ്ടിങ്. അഹമ്മദാബാദ് ആതിഥേയത്വം വഹിച്ച കലാശപ്പോരില്‍ ആറ് റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ടീമിനെ മാത്രം പ്രതിനിധീകരിച്ചിട്ടുള്ള ഏക താരമാണ് കോലി.

"മത്സരത്തിന്റെ അവസാന ഓവറുകളില്‍ കോലിയുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാം. അദ്ദേഹം കരയുകയായിരുന്നു. അത് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയുകയായിരുന്നു അവിടെ. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യൻസും നിരവധി തവണ കിരീടം നേടി. പക്ഷേ, ഇത്ര എളുപ്പത്തില്‍ കിരീടം നേടാൻ സാധിക്കുന്ന ഒരു ടൂര്‍ണമെന്റല്ല ഇത്. ദീര്‍ഘമായ ചിന്തയും കഠിനാധ്വാനവും ആവശ്യമാണ്," പോണ്ടിങ് വ്യക്തമാക്കി.

ഐപിഎല്‍ കിരീടം നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതലും പ്രധാന്യമുള്ളതെന്ന് ഫൈനലിന് ശേഷമുള്ള പ്രതികരണത്തില്‍ കോലി പറഞ്ഞിരുന്നു. ഇതേ പ്രസ്താവന പോണ്ടിങ്ങും ആവര്‍ത്തിച്ചു, നിരവധി തവണ ഓസ്ട്രേലിയയെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ് പോണ്ടിങ്. സമാനതകളില്ലാത്ത പല നേട്ടങ്ങളും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ പോണ്ടിങ്ങിനുണ്ട്.

"ഇപ്പോഴും പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന പേരുകളിലൊന്നാണ് ഞാൻ. പരിശീലിപ്പിക്കുകയോ കമന്റ് ചെയ്യുകയോ ആയിക്കോട്ടെ, എന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റാണ്, അത് എന്നും അങ്ങനെ തന്നെയായിരിക്കും," പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.