Asianet News MalayalamAsianet News Malayalam

ജഡേജയെ മാത്രം ക്രൂശിക്കരുത്; മോശം അംപയറിങ്ങിനെ കുറിച്ചും സംസാരിക്കണം

  • ഏഷ്യാ കപ്പില്‍ ഇന്ത്യ അഫ്ഗാനോട് സമനില വഴങ്ങിയതില്‍ ജഡേജയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. മോശം അംപയറിങ്ങും ഇന്ത്യയുടെ വിജയത്തിന് വിലങ്ങുതടിയായി. തെറ്റായ തീരുമാനത്തിലൂടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
poor umpiring causes Indias tie against Afghanistan
Author
Dubai - United Arab Emirates, First Published Sep 26, 2018, 2:31 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ അഫ്ഗാനോട് സമനില വഴങ്ങിയതില്‍ ജഡേജയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. മോശം അംപയറിങ്ങും ഇന്ത്യയുടെ വിജയത്തിന് വിലങ്ങുതടിയായി. തെറ്റായ തീരുമാനത്തിലൂടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മാത്രമല്ല, വിജയമുറപ്പിച്ച ഒരു സിക്‌സും ഇന്ത്യക്ക് അനുവദിച്ചില്ല. മോശം അംപയറിങ്ങെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തുറന്ന് പറഞ്ഞില്ലെങ്കിലും. എനിക്ക് പിഴയടയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ധോണി പറഞ്ഞു.

ഒരു റിവ്യൂ അവസരം മാത്രമാണ് ഇരുടീമുകള്‍ക്കും നല്‍കുക. ബാറ്റിങ്ങിനും ഫീല്‍ഡിങ്ങിനും ഓരോന്ന്. ഇന്ത്യയുടെ ബാറ്റിങ് റിവ്യൂ നേരത്തെ എടുത്തിരുന്നു. കെ.എല്‍. രാഹുല്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയപ്പോള്‍ അംപയര്‍ ഔട്ട് വിളിച്ചു. രാഹൂല്‍ റിവ്യൂ നല്‍കിയെങ്കിലും തീരുമാനം അഫ്ഗാന് അനുകൂലമായി. അതോടെ റിവ്യൂ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് രണ്ട് തെറ്റായ തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിലൂടെ ധോണി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

ധോണിയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. പാര്‍ട്ട് ടൈം സ്പിന്നറായ ജാവേദ് അഹ്മദിക്കായിരുന്നു വിക്കറ്റ്. ഓഫ് ബ്രേക്ക് ബൗളര്‍ക്കെതിരേ ഫ്രണ്ട് ഫൂട്ടിലാഞ്ഞ് സിംഗിളിന് ശ്രമിച്ച ധോണിക്ക് പിഴച്ചു. പന്ത് ബാറ്റില്‍ കൊള്ളാതെ വലത് കാലില്‍ തട്ടി. അഹ്മദിയുടെ അപ്പീലില്‍ വെസ്റ്റ് ഇന്‍ഡീസ് അംപയര്‍ ഗ്രിഗറി ബ്രാത്‌വെയ്റ്റ് ഔട്ട് വിളിക്കുകയും ചെയ്തു. റിപ്ലേ കളില്‍ വ്യക്തമായിരുന്നു പന്ത് സ്റ്റംപില്‍ കൊള്ളുന്നില്ലെന്ന്. കാര്‍ത്തികിന്റെ വിക്കറ്റും അംപയറുടെ വലിയൊരു മണ്ടത്തരമായിരുന്നു. മുഹമ്മദ് നബിയുടെ ഫുള്‍ ഡെലിവറി ലെഗ് സ്റ്റംപിന്റെ രണ്ടടി മാറിയാണ് പോയതെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നിട്ടും അംപയര്‍ ഔട്ട് വിളിച്ചു.

പിന്നാലെ റാഷിദ് ഖാന്‍ എറിഞ്ഞ അവസാന ഓവറിലും പിഴവ് സംഭവിച്ചെന്ന് വാദമുയര്‍ന്നു. റാഷിദിന്റെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജ പന്ത് ബൗണ്ടറിയിലേക്ക് പറത്തി. പന്ത് പരസ്യ ബോര്‍ഡിലാണ് വീണതെന്ന് ഒരു കൂട്ടര്‍. എന്നാല്‍ ബോര്‍ഡിന് തൊട്ട്മുന്‍പ് ഗ്രൗണ്ടിലാണ് വീണതെന്ന് മറ്റൊരു കൂട്ടര്‍. ഇതിനുള്ള ഉത്തരം വരും ദിവസങ്ങളില്‍ തന്നെ പുറത്തുവരുമെന്ന് കരുതാം. 

കേദാര്‍ ജാദവിന്റെ റണ്ണൗട്ടും നിര്‍ഭാഗ്യം കൊണ്ടുണ്ടായതാണ്. മുജീബ് റഹ്മാന്റെ പന്ത് ദിനേശ് കാര്‍ത്തിക് ബൗളര്‍ക്ക് നേരെ പായിച്ചു. പന്ത്് മുജീബിന്റെ കൈയില്‍ തട്ടിസ്റ്റംപിലേക്ക്. ജാദവ് ബാറ്റ് ക്രീസില്‍ കുത്താന്‍ ശ്രമിക്കുന്നതിനിടെ ബാറ്റ് പിച്ചിലുരസി കുരുങ്ങിപ്പോവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios