ഏഷ്യന്‍ ഗെയിംസ് ഹോക്കി ലൂസേര്‍‌സ് ഫൈനലില്‍ പാക്കിസ്ഥാനെ തൂത്തെറിഞ്ഞ് വെങ്കലം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് പ്രചോദനമായത് മഹാപ്രളയത്തെ അതിജീവിച്ച ഒരു മുത്തശ്ശി. ആ എഴുപത്തിമൂന്നുകാരിയുടെ കഥ പങ്കുവെച്ച് ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്...

മുംബൈ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ മലേഷ്യയോട് തോറ്റ് തലതാഴ്‌ത്തി മടങ്ങേണ്ടിവരും എന്ന ഘട്ടത്തിലായിരുന്നു ലൂസേര്‍സ് ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്തുള്ള ഇന്ത്യയുടെ വെങ്കലനേട്ടം. ശക്തരായ മലേഷ്യയോട് തകര്‍ന്നടിഞ്ഞ ടീം അപ്രതീക്ഷിത കുതിപ്പില്‍ അയല്‍ക്കാരെ അതിര്‍ത്തികടത്തി തിരിച്ചുവന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ ഈ അത്ഭുത ഇന്ത്യന്‍ കുതിപ്പിന് പിന്നിലെ അറിയപ്പെടാത്ത കഥ തുറന്നുപറഞ്ഞിരിക്കുകയാണ് അന്നത്തെ നായകന്‍ പി.ആര്‍ ശ്രീജേഷ്. 

പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യന്‍ സംഘം തകര്‍ന്നിരുന്ന സമയം. അവരിലേക്ക് മറ്റൊരു കൂട്ടത്തകര്‍ച്ചയെ അതിജീവിച്ച എഴുപത്തിമൂന്നുകാരിയായ മുത്തശ്ശിയുടെ കഥയുമായി ശ്രീജേഷ് എത്തി. കേരളത്തെ തൂത്തെറിഞ്ഞ മഹാപ്രളയത്തില്‍ ഏഴ് പതിറ്റാണ്ടിന്‍റെ സമ്പാദ്യം സര്‍വ്വതും നഷ്ടപ്പെട്ട മുത്തശ്ശിയുടെ ദൃശ്യങ്ങള്‍ ടീമംഗങ്ങള്‍ ഓരോരുത്തരെയും കാട്ടി. അതില്‍ മുത്തശ്ശി പറയുന്ന അവസാനത്തെ വാചകം ഇന്ത്യന്‍ താരങ്ങളുടെ ചങ്കില്‍ കൊണ്ടു. 

'എനിക്ക് ജീവന്‍ ബാക്കിയുണ്ടല്ലോ... തളരാതെ പോരാട്ടം തുടരും'. ഈ വാക്കുകളുടെ ഊര്‍ജത്തിലാണ് പരമ്പരാഗതവൈരികളായ പാക്കിസ്ഥാനെ ശ്രീജേഷും സംഘവും അന്ന് കശക്കിയെറിഞ്ഞത്. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കോര്‍പതിയിലാണ് മലയാളിയായ ഗോള്‍കീപ്പര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മര്‍ദ്ധഘട്ടത്തില്‍ ഇന്ത്യയെ കരകയറ്റുന്നതിനു പിന്നിലെ ശ്രീജേഷിന്‍റെ മന്ത്രമായിരുന്നു ബച്ചന് അറിയേണ്ടിരുന്നത്.