ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി സംഘടിപ്പിച്ച ചാരിറ്റി ഫുട്ബോള്‍ മൽസരത്തിൽ പങ്കെടുത്ത മുൻ ഹോക്കി ടീം നായകനും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിന് വിലക്കും സസ്പെൻഷനും. 15 ദിവസത്തേക്കാണ് ഹോക്കി ഇന്ത്യ, ശ്രീജേഷിനെ സസ്പെൻഡ് ചെയ്തതത്. ഒരു വര്‍ഷത്തേക്ക് വിലക്ക് നേരിടാവുന്ന കുറ്റമാണ് ശ്രീജേഷ് ചെയ്തതെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം. മുൻകൂര്‍ അനുമതിയില്ലാതെ ചാരിറ്റി ഫുട്ബോള്‍ മൽസരത്തിൽ പങ്കെടുത്തതിനാണ് ശ്രീജേഷിനെതിരെ നടപടിയെടുത്തതെന്ന് ഹോക്കി ഇന്ത്യ വക്താവ് പറയുന്നു. വിരാട് കോലി ഫൗണ്ടേഷനും അഭിഷേക് ബച്ചനും ചേര്‍ന്ന് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പ്ലേയിങ് ഫോര്‍ ഹ്യൂമാനിറ്റി എന്ന ചാരിറ്റി ഫുട്ബോള്‍ മൽസരത്തിലാണ് ശ്രീജേഷ് പങ്കെടുത്തത്. കായികതാരങ്ങളും സിനിമാതാരങ്ങളും തമ്മിലാണ് മൽസരം. 2017 ഒക്‌ടോബറിൽ നടന്ന സെലിബ്രിറ്റി ക്ലാസികോയിൽ കോലിയ്‌ക്കും അഭിഷേക് ബച്ചനുമൊപ്പം ശ്രീജേഷും പങ്കെടുത്തിരുന്നു. രണ്‍ബീര്‍ കപൂര്‍ നയിച്ച ഓള്‍ സ്റ്റാര്‍ എഫ് സിക്കെതിരെ വിരാട് കോലി നയിച്ച ഓള്‍ ഹാര്‍ട്ട് എഫ് സിക്കുവേണ്ടി ശ്രീജേഷ് ഗോള്‍ നേടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂൺ മുതൽ പരിക്ക് മൂലം ഹോക്കിയിൽനിന്ന് വിട്ടുനിൽക്കുകയാണ് ശ്രീജേഷ്. ഈ സാഹചര്യത്തിൽ ചാരിറ്റി ഫുട്ബോള്‍ മൽസരത്തിൽ പങ്കെടുത്തതാണ് ഹോക്കി ഇന്ത്യയെ ചൊടിപ്പിച്ചത്. കോമണ്‍വെൽത്ത് ഗെയിംസ്, ഏഷ്യാകപ്പ്, ലോകകപ്പ് എന്നിവ ഈ വര്‍ഷം നടക്കുന്ന സാഹചര്യത്തിൽ വിലക്ക് പിൻവലിച്ചെങ്കിൽ മാത്രമെ ഈ വലിയ ടൂര്‍ണമെന്റുകളിൽ ശ്രീജേഷിന് കളിക്കാനാകുകയുള്ളു. ഈ മാസം ന്യൂസിലാന്‍ഡിൽ നടക്കുന്ന ചതുര്‍രാഷ്‍ട്ര ടൂര്‍ണമെന്റിൽ അദ്ദേഹത്തിന് കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.