രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടാണ് ടെസ്റ്റ് വാര്‍ഷിക റാങ്കിംഗില്‍ നേട്ടം കൊയ്ത ടീം. മെയ് 2024നുശേഷം കളിച്ച എല്ലാ മത്സരങ്ങളുടെയും 100 ശതമാനവും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങളുടെ 50 ശതമാനവും കണക്കിലെടുത്താണ് പുതിയ വാര്‍ഷിക റാങ്കിംഗ് കണക്കാക്കിയിരിക്കുന്നത്.

ദുബായ്: ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ടീം ഇന്ത്യ. അതേസമയം ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്‍റുമായാണ് ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടന്ന് 113 റേറ്റിംഗ് പോയന്‍റുമായി ഇംഗ്ലണ്ട് രണ്ടാമതെത്തിയപ്പോൾ 111 റേറ്റിംഗ് പോയന്‍റുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും 105 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ നാലാമതുമാണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടാണ് ടെസ്റ്റ് വാര്‍ഷിക റാങ്കിംഗില്‍ നേട്ടം കൊയ്ത ടീം. മെയ് 2024നുശേഷം കളിച്ച എല്ലാ മത്സരങ്ങളുടെയും 100 ശതമാനവും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങളുടെ 50 ശതമാനവും കണക്കിലെടുത്താണ് പുതിയ വാര്‍ഷിക റാങ്കിംഗ് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കളിച്ച നാലു ടെസ്റ്റ് പരമ്പരകളില്‍ മൂന്നിലും ജയിച്ചതാണ് ഇംഗ്ലണ്ടിന് നേട്ടമായതെങ്കില്‍ കഴിഞ്ഞ വര്‍ഷം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂ‍ർണ തോല്‍വി വഴങ്ങിയതും ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതും ഇന്ത്യക്ക് തിരിച്ചടിയായി. ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 10ല്‍ മറ്റ് മാറ്റങ്ങളില്ല. ന്യൂസിലന്‍ഡ് അഞ്ചാമതും ശ്രീലങ്ക ആറാമതും പാകിസ്ഥാന്‍ ഏഴാമതും വെസ്റ്റ് ഇന്‍ഡീസ് എട്ടാമതും ബംഗ്ലാദേശ് ഒമ്പതാമതും തുടരുമ്പോള്‍ സിംബാബ്‌വെ ആണ് പത്താം സ്ഥാനത്ത്.

ഏകദിന ടീം റാങ്കിംഗില്‍ 124 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ 109 റേറ്റിംഗ് പോയന്‍റ് വീതമുള്ള ന്യൂസിലന്‍ഡ് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. ശ്രീലങ്കക്കും പാകിസ്ഥാനും ദക്ഷിണാഫ്രിക്കക്കും, അഫ്ഗാനിസ്ഥാനും പിന്നിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതും ബംഗ്ലാദേശ് പത്താമതുമാണ്.

പുരുഷ ടി20 ടീം റാങ്കിംഗില്‍ 271 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ ഒന്നാമതുള്ളപ്പോള്‍ 262 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാമതും 254 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. ന്യൂസിലന്‍ഡ്(4), വെസ്റ്റ് ഇന്‍ഡീസ്(5), ദക്ഷിണാഫ്രിക്ക(6), ശ്രീലങ്ക(7), പാകിസ്ഥാന്‍(8), ബംഗ്ലാദേശ്(9), അഫ്ഗാനിസ്ഥാന്‍(10) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ റാങ്കിംഗ്.