പൊതുവെ ഷോര്‍ട്ട് ബോളുകള്‍ കൂടുതലായി എറിയുന്ന മായങ്കിനെ നേരിടാന്‍ ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കുന്ന ഇംഗ്ലിസാണെന്ന് പറഞ്ഞാണ് ശ്രേയസ് മൂന്നാം നമ്പറില്‍ നിന്ന് സ്വയം മാറിയത്.

ധരംശാല: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്തത് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അപ്രതീക്ഷിത നീക്കമെന്ന് വെളിപ്പെടുത്തി പഞ്ചാബ് കോച്ച് റിക്കി പോണ്ടിംഗ്. ഇന്നലെ ലക്നൗവിനെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഫോമിലുള്ള പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായിരുന്നു. സാധാരണഗതിയില്‍ മൂന്നാം നമ്പറിലിറങ്ങാറുള്ളത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നെങ്കിലും ഇന്നലെ പക്ഷെ മൂന്നാം നമ്പറിലെത്തിയത് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ജോഷ് ഇംഗ്ലിസായിരുന്നു.

ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ച ഇംഗ്ലിസ് 14 പന്തില്‍ 30 റൺസെടുത്ത് പുറത്തായെങ്കിലും പഞ്ചാബിന് പവര്‍ പ്ലേയില്‍ നല്ല തുടക്കം ലഭിച്ചിരുന്നു. ഈ അടിത്തറയില്‍ നിന്നാണ് പ്രഭ്‌സിമ്രാനും ശ്രേയസ് അയ്യരും ശശാങ്ക് സിംഗുമെല്ലാം അടിച്ചു തകര്‍ത്തത്. ആദ്യ ഓവറിലെ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായതോടെ മൂന്നാം നമ്പറില്‍ ഇംഗ്ലിസിനെ വിടാനുള്ള തീരുമാനം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടേതായിരിന്നുവെന്ന് മത്സരശഷം റിക്കി പോണ്ടിംഗ് പറഞ്ഞു.

ലക്നൗവിാനായി പവര്‍ പ്ലേയില്‍ മായങ്ക് യാദവ് ബൗള്‍ ചെയ്യാനെത്തുമെന്ന് ഉറപ്പായിരുന്നു. പൊതുവെ ഷോര്‍ട്ട് ബോളുകള്‍ കൂടുതലായി എറിയുന്ന മായങ്കിനെ നേരിടാന്‍ ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കുന്ന ഇംഗ്ലിസാണെന്ന് പറഞ്ഞാണ് ശ്രേയസ് മൂന്നാം നമ്പറില്‍ നിന്ന് സ്വയം മാറിയത്. ഈ തന്ത്രമാണ് ലക്നൗവിന്‍റെ പദ്ധതികള്‍ തകര്‍ത്തത്. കാരണം, അവര്‍ പ്രിയാൻഷ് ആര്യക്കും പ്രഭ്‌സിമ്രാനും ശ്രേസയിനുമുള്ള തന്ത്രങ്ങളൊരുക്കിയിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ അപ്രതീക്ഷിതമായ ഇംഗ്ലിസ് എത്തിയതോടെ അവരുടെ തന്ത്രം പാളി. ഷോര്‍ട്ട് ബോളുകളെറിഞ്ഞ മായങ്കിനെ ഇംഗ്ലിസ് അടിച്ചു പറത്തി.

14 പന്തുകളെ ക്രീസില്‍ നിന്നുള്ളൂവെങ്കിലും നാലു സിക്സ് അടക്കം 30 റണ്‍സടിച്ച ഇംഗ്ലിസിന്‍റെ ഇന്നിംഗ്സാണ് പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നൽകിയത്. മായങ്ക് യാദവ് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് സിക്സുകൾ അടക്കം 20 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. മായങ്കിന്‍റെ രണ്ടാം ഓവറിലാകട്ടെ പ്രഭ്സിമ്രാന്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സടിച്ചു. മായങ്കിന്‍റെ അവസാന ഓവറിലും പ്രഭ്‌സിമ്രാന്‍ 15 റണ്‍സടിച്ചതോടെ നാലോവറില്‍ 60 റണ്‍സാണ് അതിവേഗ പേസര്‍ വഴങ്ങിയത്.