കൊല്‍ക്കത്ത: സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡ് , ഐ എസ് എൽ ടീമായ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ടീമിന്‍റെ ലാഭം വീതംവയ്ക്കുന്നതിലെ തർക്കാണ് ക്ലബുകളുടെ വേർപിരിയലിന് കാരണം.
ഐ എസ് എല്ലിലെ സൂപ്പർ ടീമാണ് അത്‍ലറ്റിക്കോ ഡി കൊൽക്കത്ത. ആദ്യ മൂന്ന് സീസണിൽ രണ്ടിലും കിരീടം. ഈ വിജയത്തിന് പിന്നിലെ കരുത്ത് സ്പാനിഷ് ക്ലബായ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സഹായമായിരുന്നു. കൊൽക്കത്ത ടീമിന്‍റെപേര് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയായതും ഈ ബന്ധത്തിലൂടെ. ടീമിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായുള്ള സ്പെയ്നിലെ പരിശീലനം, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളാണ് അത്‍ലറ്റിക്കോ മാഡ്രിഡ് വഹിക്കുന്നത്.
ഇതോടൊപ്പം സ്പാനിഷ് പരിശീലകരായ അന്‍റോണിയോ ഹബാസ്, ഹൊസെ മൊളീന, പ്രമുഖ താരങ്ങളായ ലൂയിസ് ഗാർസ്യ, ബോർജ ഫെർണാണ്ടസ് തുടങ്ങിയവരെയും കൊൽക്കത്തൻ ടീമിന് ലഭ്യമാക്കി. ടീമിന്‍റെ വരുമാനം ഇരുക്ലബുകളും പങ്കുവയ്ക്കുന്നതാണ് കരാർ. നാലാം സീസൺ മുതൽ ലാഭവിഹിതം കൂട്ടണമെന്നാണ് സ്പാനിഷ് ക്ലബിന്‍റെ ആവശ്യം.
മുടക്കുമുതലിന് ആനുപാതിക ലാഭം കിട്ടുന്നില്ലെന്നാണ് സ്പാനിഷ് ക്ലബിന്‍റെ നിലപാട്. കരാർ പുതിക്കിയില്ലെങ്കിൽ ചൈനീസ് ലീഗിൽ കൂടുതൽ മുതൽമുടക്കാനാണ് അത്‍ലറ്റിക്കോയുടെ തീരുമാനം. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത ടീം മാനേജ്മെന്‍റ് കരാറിൽ മാറ്റം വരുത്താൻ തയ്യാറല്ല. ഇതിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകളുടെ സഹകരണത്തിനായി ശ്രമം തുടങ്ങുകയും ചെയ്തു.
മൂന്നുവർഷത്തെ കരാറുണ്ടെങ്കിലും കോച്ച് മൊളീനയെ അത്‍ലറ്റിക്കോ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇരുമാനേജ്മെന്‍റുകളും ധാരണയിലെത്തിയില്ലെങ്കിൽ നാലാം സീസണിൽ കൊൽക്കത്ത ടീമിന്‍റെ പേരിൽ ഉൾപ്പടെ അഴിച്ചുപണിയുണ്ടാവും.
