ദില്ലി: ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അവസാന കടമ്പയും കീഴടക്കിയതില്‍ കോലിയെയും സംഘത്തെയും അഭിനന്ദിച്ച രാഷ്ട്രപതി കരുത്തുറ്റ ബാറ്റിംഗു വിസ്സമയകരമായ പേസ് ബൗളിംഗും ടീം വര്‍ക്കുമാണ് ഈ വിജയം സാധ്യമാക്കിയതെന്നും ട്വിറ്ററില്‍ കുറിച്ചു. ഇതൊരു ശീലമാക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

ഓസ്ട്രേലിയയിലെ ഇന്ത്യ സ്വന്തമാക്കിയത് ചരിത്രവിജയമെന്ന് പ്രധാനമന്ത്രിയും ട്വിറ്ററില്‍ കുറിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച പ്രധാനമന്ത്രി ഈ ജയം കോലിയും സംഘവും അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഒരുപാട് അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരമ്പരയില്‍ ഇന്ത്യയുടെ കരുത്തുറ്റ ടീം വര്‍ക്കും കണ്ടു. വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ കളിച്ച പതിനൊന്ന് ടെസ്റ്റ് പരമ്പരകളിലം വിജയം തേനാവാതിരുന്ന ഇന്ത്യ പന്ത്രണ്ടാമത്തെ പര്യടനത്തിലാണ് ജയവുമായി മടങ്ങുന്നത്. 71 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന്. പരമ്പരയിലെ ഒന്നും മൂന്നും ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ഓസീസ് ജയിച്ചു. നാലാം ടെസ്റ്റ് മഴമൂലം സമനിലയില്‍ അവസാനിച്ചു.