18കാരന്‍ പൃഥ്വി ഷായ്ക്ക് ഇത് അവിസ്മരണീയ നിമിഷം. ഇന്ത്യന്‍ ടീമിന്റെ 293ാം നമ്പര്‍ ക്യാപ്പാണ് പൃഥ്വി ഷായ്ക്ക്. ഇന്ത്യന്‍ ക്യാപ്റ്റന്‍ തൊപ്പി കൈമാറി. 18 വയസും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം.

രാജ്‌കോട്ട്: 18കാരന്‍ പൃഥ്വി ഷായ്ക്ക് ഇത് അവിസ്മരണീയ നിമിഷം. ഇന്ത്യന്‍ ടീമിന്റെ 293ാം നമ്പര്‍ ക്യാപ്പാണ് പൃഥ്വി ഷായ്ക്ക്. ഇന്ത്യന്‍ ക്യാപ്റ്റന്‍ തൊപ്പി കൈമാറി. 18 വയസും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. 2007ന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് ഷാ. മുംബൈ തെരുവുകളില്‍ നിന്നാണ് ഷാ ക്രിക്കറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പ്രൊഫഷനല്‍ തലത്തിലേക്കുയര്‍ന്നു.

14ാം വയസില്‍ സ്‌കൂളിന് വേണ്ടി 546 റണ്‍സ് നേടി മാധ്യമശ്രദ്ധ നേടി. 17ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. അതേ പ്രായത്തില്‍ തന്നെ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറി. 18ാം വയസില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍. കിരീവും താരം ഇന്ത്യയിലെത്തിച്ചു. 18ാം വയസില്‍ അഞ്ച് ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം. 18 വയസും 329 ദിവസവും പ്രായമാവുമ്പോല്‍ ഷാ ഇന്ത്യയുടെ ടെസ്റ്റ് ടീം ജേഴ്‌സിയണിഞ്ഞു. 

ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന നാലാമത്തെ പ്രായം കൂറഞ്ഞ ബാറ്റ്‌സ്മാന്‍ കൂടിയാണ് പൃഥ്വി ഷാ. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ അരങ്ങേറിയത്. 17 വര്‍ഷവും 265 ദിവസവും എത്തിനില്‍ക്കേ വിജയ് മെഹ്‌റ ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറി. എ. ജി. മില്‍ഖ സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറുമ്പോള്‍ 18 വയസും 13 ദിവസവുമായിരുന്നു. പിന്നാലെ മുംബൈക്കാരന്‍ പൃഥ്വി ഷായും.