ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ വൈറലായ നായിക പ്രിയ വാര്യരാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ഐ എസ് എല്‍ മത്സരം കാണാനും പ്രിയ എത്തി. മത്സരം കാണാന്‍ പ്രിയക്ക് ലഭിച്ചത് വിവിഐപി ടിക്കറ്റാണ്. എന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് നല്‍കിയത് ഗ്യാലറി ടിക്കറ്റും. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 

 മുമ്പും ഐഎസ്എല്‍ സംഘാടകര്‍ ഐഎം വിജയന് ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കി അവഗണിച്ചിരുന്നു. അന്ന് ഒരു ജനറൽ ടിക്കറ്റ് മാത്രം ലഭിച്ച ഐ എം വിജയനെ വി ഐ പി സീറ്റിലേക്ക് തനിക്കൊപ്പം നിവിൻ പോളി ക്ഷണിക്കുകയായിരുന്നു. മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും ജോപോള്‍ അഞ്ചേരിയും ആസിഫ് സഹീറും ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ പരിഗണിക്കാതെ സംഘാടകര്‍ സെലിബ്രിറ്റികളെ കൂടുതലായി പിന്തുണയ്ക്കുന്നു എന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആക്ഷേപം.

കളിയാസ്വാദകര്‍ കാത്തിരുന്ന മത്സരമായിരുന്നു കൊച്ചിയിലെ ദക്ഷിണേന്ത്യന്‍ ഡര്‍ബി. ചെന്നൈയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ വന്‍താരനിരയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറും സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും കളികാണാനെത്തിയിരുന്നു. പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു.