കൊച്ചി: പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് വൈകിട്ട് ഏഴിന് യു മുംബ വോളിയെ നേരിടും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. അമേരിക്കയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീയുടെ സ്മാഷ് കരുത്തില്‍ കൊച്ച് ബ്ലൂ സ്‌പൈക്കേഴ്‌സ് ഒരുങ്ങിതന്നെയാണ്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ നയിക്കുന്ന ടീമില്‍ പി. രോഹിത്, മനു ജോസഫ്, എസ്. പ്രഭാകരന്‍ തുടങ്ങിയവരുമുണ്ട്. ടി.സി ജ്യോതിഷാണ് കോച്ച്. ദീപേഷ് സിന്‍ഹ നയിക്കുന്ന യു മുംബയില്‍ തുര്‍ക്കിയുടെ ടോമിസ്ലാവ് കോസ്‌കോവിച്ചും കനേഡയുടെ നിക്കോളാസ് ബിയാന്‍കോയുമാണ് വിദേശതാരങ്ങള്‍. കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് എന്നിവരാണ് മറ്റ് ടീമുകള്‍.

എല്ലാ ടീമുകളും ഓരോതവണ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ മത്സരങ്ങളില്‍ 15 പോയിന്റുള്ള അഞ്ച സെറ്റുകളാണുള്ളത്. സെമിയിലും ഫൈനലിലും 25 പോയിന്റ് വീതമുള്ള സെറ്റുകള്‍. സെമിഫൈനല്‍ ഫെബ്രുവരി 19നും ഇരുപതിനും ഫൈനല്‍ 22നും ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും.