യുവമോര്‍ച്ചയാണ് ഇമ്രാന്‍ ഖാന്‍റെ അടക്കമുള്ള പാകിസ്ഥാന്‍ താരങ്ങളുടെ ചിത്രത്തെ മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം തുടങ്ങിയിരിക്കുന്നത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലുള്ള മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍റെ ചിത്രം നീക്കണണെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. യുവമോര്‍ച്ചയാണ് ഇമ്രാന്‍ ഖാന്‍റെ അടക്കമുള്ള പാകിസ്ഥാന്‍ താരങ്ങളുടെ ചിത്രത്തെ മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം തുടങ്ങിയിരിക്കുന്നത്.

യുവമോര്‍ച്ച സ്റ്റേഡിയത്തിലേക്ക് മാര്‍ച്ചും നടത്തി. ഇവര്‍ സ്റ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പൊലീസ് തടഞ്ഞു. പിന്നീട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 

പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനും ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിനും പിന്നാലെ ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തിരുന്നു.

കൂടാതെ, മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികൾ അറിയിച്ചു.