കോടതി ഇടപെടലും ഫലം കാണില്ല; പി.യു ചിത്രക്ക് അവസരം നല്‍കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്
ദില്ലി: അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു.
1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതിയുടെ ഇന്നലത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഫെഡറേഷന്റെ അഭിപ്രായങ്ങള്‍ കോടതി കേട്ടിട്ടില്ല. ചിത്രയുടെ ഹര്‍ജിയില്‍ ചില അവ്യക്തതളുമുണ്ട്. കേസില്‍ അന്തിമ വിധി പറയാനായി തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോള്‍ അഭിപ്രായം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനും അത്ലറ്റിക് ഫെഡറേഷന് പദ്ധതിയുണ്ട്. ഇതോടെ ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മങ്ങുകയാണ്. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കേണ്ടവരുടെ എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയ്യതി കഴിഞ്ഞ 24ന് ആയിരുന്നു. എന്നാല്‍ ചിത്രയുടെ പേര് ഒഴിവാക്കിയ പട്ടിക 23ന് മാത്രമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് പുറത്തുവിട്ടത്. അടുത്തമാസമാദ്യം ലണ്ടനിൽ തുടങ്ങുന്ന ലോക ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ദില്ലിയില്‍ നിന്നും പുറപ്പെട്ടിരുന്നു. പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളുടെ അന്തിമ പട്ടിക അത്ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തു.