ലോക അത്‍ലറ്റിക് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കില്ലെന്ന ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനമറിഞ്ഞ് പി.യു ചിത്ര പൊട്ടിക്കരഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് ചിത്ര തീരുമാനം അറിഞ്ഞത്. അവസരം നഷ്ടമായതിൽ ദുഃഖമുണ്ടെന്ന് പി.യു.ചിത്ര പറഞ്ഞു.

ഹൈക്കോടതിയുടെ അനുകൂല ഇടപെടല്‍ ഉണ്ടെങ്കിലും പി.യു ചിത്രയെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഫെഡറേഷന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതിനെതിരെ തിങ്കഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നിലപാടെടുക്കുമെന്നും അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പങ്കെടുക്കേണ്ടവര്‍ ഇതിനോടകം ലണ്ടനില്‍ എത്തിക്കഴിയുകയും ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷന്‍ ഇടഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിക്ക് ഇനി ചിത്രയ്ക്ക് പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.