ദില്ലി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മാത്രമല്ല താന്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമാകുന്നതെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു തെളിയിച്ചു. തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടം കൈവരിച്ചാണ് സിന്ധു രാജ്യത്തിന്റെ അഭിമാന സിന്ധുവായത്. ബംഗലൂരുവില്‍ യെലഹങ്ക വിമാനത്താവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്റെ അവസാന ദിനമാണ് സിന്ധുവിന്റെ ആകാശപ്പറക്കല്‍.

പോര്‍വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സിന്ധു ഇന്ന് സ്വന്തമാക്കി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംപാക്ട് സിംഗിള്‍ എഞ്ചിന്‍ എയര്‍ക്രാഫ്റ്റണ് തേജസ്.

വ്യോമപ്രദര്‍ശനത്തിന്റെ അവസാന ദിനം വ്യോമമേഖലയില്‍ വനിതകള്‍ സ്വന്തമാക്കിയ നേട്ടത്തെ ആദരിക്കാനായി വനിതാ ദിനമായാണ് ആഘോഷിക്കാറുള്ളത്. ഇതിന്റെ ഭാഗമായാണ് സഹപൈലറ്റ് ക്യാപ്റ്റന്‍ സിദ്ധാര്‍ഥിനൊപ്പം പച്ച യൂണിഫോമണിഞ്ഞ് പോര്‍വിമാനം പറത്താനായി സിന്ധു എത്തിയത്. ഏകദേശം 40 മിനുട്ട് നേരം സിന്ധു സഹപൈലറ്റിനൊപ്പം പോര്‍വിമാനം പറത്തി.

തദ്ദേശീയമായി നിര്‍മിച്ച പോര്‍വിമാനം പറത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും നേട്ടം രാജ്യത്തെ സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും സിന്ധു പറഞ്ഞു.