ഇന്ത്യയുടെ സൂപ്പർതാരം പി വി സിന്ധു ഹോങ്കോങ് സൂപ്പർ സീരീസ് ഫൈനലിൽ കടന്നു. ആറാം സീഡ് റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ കടന്നത്. സ്‌കോര്‍- 21-17, 21-17. ഏറെക്കുറെ വ്യക്തമായ ആധിപത്യമാണ് സിന്ധു മൽസരത്തിൽ പുലർത്തിയത്. ഒരുഘട്ടത്തിൽ ഇന്റനോണ്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും സിന്ധുവിന്റെ പ്രൊഫണലിസം തുണയാകുകയായിരുന്നു. ‌ഞായറാഴ്‌ച നടക്കുന്ന കലാശപ്പോരിൽ ചൈനീസ് തായ്‌പ്പേയ് താരം തായ് സു യിങാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ വർഷം ഹോങ്കോങ് ഓപ്പൺ ഫൈനലിലും ഇവരാണ് ഏറ്റുമുട്ടിയത്. അന്നത്തെ തോൽവിക്ക് പകരംവീട്ടാനുള്ള അവസരമാണ് ഇപ്പോൾ സിന്ധുവിന് കൈവന്നിരിക്കുന്നത്.