ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. ഫൈനലില്‍ ചൈനീസ് തായ്പെയിയുടെ തായ് സു യിംഗ് ആണ് സിന്ധുവിനെ തോല്‍പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനീസ് തായ്പെയ് താരത്തിന്റെ ജയം. സ്കോര്‍ 21-15, 21-17.

ആദ്യ ഗെയിമില്‍ ആദ്യം 3-6ന് പിന്നിലായ സിന്ധു ശക്തമായി തിരിച്ചുവന്ന് 6-6ന് ഒപ്പമെത്തിയ സിന്ധു പിന്നീട് 8-7ന് ലീഡെടുത്തെങ്കിലും പിന്നീട് ആധിപത്യം നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായി ഏഴ് പോയന്റുകള്‍ നേടി 8-15ന് ലീഡെടുത്ത തായ് സു യിംഗിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മൂന്ന് പോയന്റുകള്‍ നേടി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച 14-18ലെത്തിയെങ്കിലും സിന്ധുവിന് കൂടുതല്‍ അവസരം നല്‍കാതെ 21-15ന് തായ് സു യിംഗ് ആദ്യ ഗെയിം നേടി.

രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 4-1ന്റെ ലീഡ് നേടിയ സിന്ധുവിനെതിരെ ശക്തമായി തിരിച്ചുവെന്ന തായ് സു യിംഗ് അദ്യം 7-7നും പിന്നീട് 10-10ന് ഒപ്പമെത്തി. 11-10 ലീഡ് നേടിയ തായ് സു യിംഗ് പിന്നീടൊരിക്കലും ലീഡ് വിട്ടുകൊടുത്തില്ല. 21-17ന് രണ്ടാം ഗെയിമും നേടി തായ് സു യിംഗ് കിരീടമണിഞ്ഞു. ലോക ഒന്നാം നമ്പര്‍ താരം കരോലീന മാരിനെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ തായ് സു യിംഗ് കീഴടക്കിയിരുന്നു.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മക്കും ഇന്ന് ഫൈനല്‍ പോരാട്ടമുണ്ട്. ഹോങ്കോങ്ങിന്റെ നിങ് കാ ലോങ് ആൻഗസ് ആണ് സമീറിന്‍റെ എതിരാളി. ആദ്യമായാണ് സമീർ സൂപ്പർ സീരീസിന്റെ ഫൈനലിൽ കടക്കുന്നത്.