ഹൈദരാബാദ്: ലോക ബാഡിമിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടത്തില്‍ താന്‍ സംത്യപ്തയാണ് എന്ന് പിവി സിന്ധു. സ്വര്‍ണ്ണം നഷ്‌ടമായതില്‍ വേദനയില്ല. റിയോ ഒളിമ്പിക്‌സിനു ശേഷം താന്‍ നടത്തിയ മികച്ച പ്രകടനമായിരുന്നു ഇതെന്നും സിന്ധു അഭിപ്രായപ്പെട്ടു. ഗ്ലാസ്ഗോയിലെ എമിറേറ്റ്സ് അരീനയില്‍ നടന്ന ഫൈനലില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ജപ്പാനീസ് താരം നസോമി ഒക്കോഹയോട് സിന്ധു അടിയറവ് പറഞ്ഞത്.

ആദ്യം വിഷമം തോന്നിയെങ്കിലും അത് ഏറെ നീണ്ടില്ല. പരാജയത്തില്‍ ദുഖിച്ചിരിക്കാതെ തൊട്ടടുത്ത ദിവസം മുതല്‍തന്നെ താന്‍ പഴയ ആളായെന്ന് സിന്ധു പറയുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താന്‍ നടത്തിയത്. റിയോ ഒളിമ്പിക്‌സിനു ശേഷം കിട്ടിയ വെള്ളി മെഡലാണിത്. കഴിഞ്ഞ ലോക ചാമ്പ്യാന്‍ ഷിപ്പിലെ വെങ്കലം ഇക്കുറി വെളളിയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു എന്നും സിന്ധു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിന്ധു ഉള്‍പ്പെടെയുളള ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് ചാമ്പ്യാന്‍ഷിപ്പില്‍ നടത്തിയത് എന്ന് കോച്ച് ഗോപി ചന്ദ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച സിന്ധുവിനെ തേടി വലിയ നേട്ടങ്ങള്‍ എത്തുമെന്നും എന്നും ഗോപി ചന്ദ് പറഞ്ഞു.