റിയോ ഒളിംപിക്സ് വെള്ളിമെഡല്‍ നേട്ടത്തിനുശേഷവും മികച്ച ഫോം തുടരാനാകുന്നതിന്റെ സന്തോഷത്തിലാണ് പി വി സിന്ധു. ഉത്തരവാദിത്വം ഏറിയിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ സമ്മര്‍ദ്ദമൊന്നുമില്ലെന്ന് സിന്ധു പറയുന്നു. നിലവില്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള സിന്ധു, ഈ വര്‍ഷം തന്നെ ആദ്യ മൂന്നു സഥാനങ്ങളിലെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

ദേശീയ ബാഡ്‌മിന്റണില്‍ തനിക്കും സൈനയ്‌ക്കും ശേഷം ഒരിടവേളയുണ്ടാകുമെന്ന് സിന്ധു പറഞ്ഞു. ഇക്കാര്യം നേരത്തെ സൈനയും പറഞ്ഞിരുന്നു. ജൂനിയര്‍തലത്തില്‍ നിരവധി കളിക്കാര്‍ ഉണ്ടെങ്കിലും അവര്‍ കഴിവ് തെളിയിച്ച് മുന്നോട്ടു വരേണ്ടതുണ്ടെന്ന് സിന്ധു പറയുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഈ വര്‍ഷത്തെ കാണുന്നത്. 2020 ഒളിംപിക്‌സിന് ഇനിയും സമയമുണ്ട്. അതിനുമുമ്പ് നിരവധി ടൂര്‍ണമെന്റുകളുണ്ട്. അടുത്ത ഒളിംപിക്‌സില്‍ സ്വര്‍ണം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.