അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഒറ്റപ്പെട്ടതോടെ 2022ലെ ഫുട്ബോള്‍ ലോകകപ്പിന്റെ നടത്തിപ്പിലും ആശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഖത്തറിലെ സംഘാടക സമിതിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഫിഫ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

2022 ഫുട്ബോള്‍ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. ലോകക്കപ്പ് മത്സരങ്ങള്‍ക്കായുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മറ്റ് സ്റ്റേഡിയങ്ങളുടെ നിര്‍മാണങ്ങള്‍ക്കാവശ്യമായുള്ള സ്റ്റീല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തുന്നത് സൗദിയില്‍ നിന്നാണ്. എന്നാല്‍ പുതിയ നയതന്ത്ര നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സാധനസാമഗ്രികള്‍ എത്തുന്നത് നിലയ്‌ക്കും. ഇത് ഖത്തറിന്റെ ലോകക്കപ്പ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കും.

ഖത്തറിലെ സംഘാടക സമിതിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വ്യക്തമാക്കിയ ഫിഫ നിലവില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ സംഘാടക സമിതിയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനും ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യത്ത് കളിക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്ന് ഫിഫ കൗണ്‍സില്‍ അംഗവും ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ റെയ്ന്‍ഹാര്‍ഡ് ഗ്രിന്‍ഡല്‍ പറഞ്ഞു. 2022 ഫുട്ബോള്‍ ലോകകപ്പിനോടൊപ്പം തന്നെ അടുത്ത സെപ്റ്റംബറില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന നീന്തല്‍ ലോകക്കപ്പിന്റെ ഭാവി സംബന്ധിച്ചും ആശങ്കള്‍ ഉയരുന്നുണ്ട്.