ധര്‍മശാല: റാഞ്ചി ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ ഇന്ത്യയുടെ ആര്‍ അശ്വിന് ലോക റെക്കോര്‍ഡ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ധര്‍മശാലയില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് അശ്വിന്‍ റെക്കോര്‍ഡ് കുറിച്ചത്. സ്മിത്തിന്റെ വിക്കറ്റോടെ അശ്വിന് ഈ സീസണില്‍ 79 വിക്കറ്റായി. 2007-2008 സീസണില്‍ 78 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ റെക്കോര്‍ഡാണ് അശ്വിന്‍ തകര്‍ത്തത്.
ഈ സീസണില്‍ 67 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഇരുവര്‍ക്കും പുറകില്‍ മൂന്നാം സ്ഥാനത്തുണ്ട്. 1998/1999 സീസണില്‍ 66 വിക്കറ്റ് വീഴ്‌ത്തിയ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്താണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 2004-2005 സീസണില്‍ 64 വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെ അഞ്ചാം സ്ഥാനത്താണ്.
ടെസ്റ്റില്‍ അതിവേഗം 250 വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡും ഈ സീസണില്‍ അശ്വിന്‍ സ്വന്തം പേരിലാക്കിയിരുന്നു. ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്‍ അതിവേഗം 25 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളറെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ അശ്വിന്‍ നിറം മങ്ങിയത് ഇന്ത്യയുടെ വിജയപ്രതീക്ഷകളെ ബാധിച്ചു. നാലാം ടെസ്റ്റില്‍ ഇതുവരെ ഒരു വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. അത് സ്റ്റീവ് സ്മിത്തിന്റേതാണെന്നതിനാല്‍ ഇന്ത്യക്കത് വിലമതിക്കാനാവാത്തതാണ്.
