പാരിസ്: അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍റെ ലോക ചാമ്പ്യൻ പുരസ്കാരം സ്പാനിഷ് താരങ്ങളായ റാഫേൽ നദാലും ഗാർബി മുഗുരുസയും സ്വന്തമാക്കി. പത്തൊന്‍പത് വർഷത്തിനിടെ ആദ്യമായാണ് ഒരേ രാജ്യത്തുനിന്നുള്ള പുരുഷ- വനിതാ താരങ്ങൾ ലോക ചാമ്പ്യന്‍ പുരസ്കാരം നേടുന്നത്. ഈ വ‍ർഷം പതിനാറാം ഗ്രാൻസ്ലാം കിരീടം നേടിയ നദാൽ മൂന്നാം തവണയാണ് ലോക ചാമ്പ്യനാവുന്നത്. 

അതേസമയം മുഗുരുസ ആദ്യമായാണ് ഐ ടി എഫ് അവാർഡ് നേടുന്നത്. ഈ വർഷം വിംബിൾഡൺ സ്വന്തമാക്കിയ മുഗുരുസ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു. 1998ൽ അമേരിക്കയുടെ പീറ്റ് സാംപ്രാസും ലിൻഡ്സേ ഡാവെൻപോർട്ടുമാണ് അവസാനമായി ഒരേ രാജ്യത്തുനിന്ന് ഐ.ടി.എഫ് കിരീടം നേടിയത്.