ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ വിജയക്കുതിപ്പില്‍. ഓസീസ് ഉയര്‍ത്തിയ 294 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രോഹിത് ശര്‍മയുടെയും അജിങ്ക്യാ രഹാനെയുടെയും അര്‍ധസെഞ്ചുറികളുടെ മികിവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തിട്ടുണ്ട്. 68 റണ്‍സുമായി രഹാനെയും 2 റണ്ണുമായി ക്യാപ്റ്റന്‍ കോലിയും ക്രീസില്‍. 62 പന്തില്‍ 71 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കോള്‍ട്ടര്‍നൈലിനാണ് വിക്കറ്റ്. ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ-രോഹിത് സഖ്യം 139 റണ്‍സടിച്ചു.

ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന രോഹിത് പതുക്കെ തുടങ്ങി ആഞ്ഞടിച്ചു. കമിന്‍സിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സറിന് പറത്തിയ രോഹിത്ത് സ്കോറിം വേഗമുയര്‍ത്തി. 42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സറും പറത്തിയാണ് രോഹിത് കരിയറിലെ മുപ്പത്തിമൂന്നാം അര്‍ധസെഞ്ചുറിയിലെത്തിയത്.

മറുവശത്ത് മനോഹരമായ ഷോട്ടുകളുമായി രഹാനെയും കളം നിറഞ്ഞു. 50 പന്തില്‍ ഏഴ് ബൗണ്ടറികള്‍ പറത്തിയാണ് രഹാനെ അര്‍ധസെഞ്ചുറി തികച്ചത്. 22-ാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും.