വിദേശ പര്യടനങ്ങള്‍ക്ക് മുന്‍പ് ഒരു കാര്യം ശ്രദ്ധിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാകുമെന്ന് വന്‍മതില്‍. ഇന്ത്യ ദയനീയമായി തോറ്റ ദക്ഷിണാഫ്രിക്കന്‍- ഇംഗ്ലണ്ട് പര്യടനങ്ങളിലെ അപാകതയാണ് ദ്രാവിഡ് തുറന്നുകാട്ടുന്നത്.
മുംബൈ: വിദേശ പര്യടനങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വേണ്ടത്ര പരിശീലന മത്സരങ്ങള്‍ കളിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പരകളില്‍ ദയനീയ തോല്‍വി ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയിരുന്നു. പരിശീലന മത്സരങ്ങളുടെ കുറവാണ് ഇന്ത്യ നാണംകെടാന്‍ കാരണമെന്ന് ഇതിഹാസ താരങ്ങളടക്കം തുറന്നടിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് നിലപാട് വ്യക്തമാക്കിയത്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ തന്‍റെ കരിയറില്‍ വളരെയധികം ഗുണം ചെയ്തതെന്നും ടെസ്റ്റ് ക്രിക്കറ്റിലെ വന്‍മതില്‍ വ്യക്തമാക്കുന്നു. ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിര്‍ബന്ധമായും കളിച്ചിരിക്കണം. ഈ മത്സരങ്ങള്‍ മാത്രമാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സഹായിക്കുകയെന്നും എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ വ്യക്തമാക്കി. നവംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം പദ്ധതിയിട്ടിട്ടുണ്ട്.
വിദേശ പര്യടനങ്ങള്‍ക്ക് മുന്‍പ് വേണ്ടത്ര പരിശീലന മത്സരങ്ങള്‍ കളിക്കാത്തതില്‍ സുനില്‍ ഗവാസ്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാതിരുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ഒരു പരിശീലന മത്സരം മാത്രമാണ് കളിച്ചത്. ഫലമോ, രണ്ടിടത്തും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
