എങ്ങനെ അഭിമുഖങ്ങളില്‍ പെരുമാറണം; യുവതാരങ്ങള്‍ കണ്ടുപഠിക്കുക ദ്രാവിഡിനെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 10:23 AM IST
Rahul Dravid's old 'Bakra' video is trending after Hardik Pandya comments controversy
Highlights

 അഭിമുഖങ്ങളില്‍ എങ്ങനെ പെരുമാറണം എന്നത് യുവതാരങ്ങളെ പഠിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. രാഹുല്‍ ദ്രാവിഡിന്‍റെ പഴയ അഭിമുഖം കാണിച്ചാണ്  കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും സോഷ്യല്‍ മീഡിയ ഉപദേശം നല്‍കുന്നത്

മുംബൈ: ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത ടിവി ഷോ ഹോട്ട്സ്റ്റാറില്‍നിന്ന് പിന്‍വലിച്ചു. 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിലെ സീസണ്‍ ആറാമത്തെ എപ്പിസോഡാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍  അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.  രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വിലക്ക് വന്നേക്കും എന്നാണ് സൂചന. 

അതിനിടയിലാണ് ഇത്തരം അഭിമുഖങ്ങളില്‍ എങ്ങനെ പെരുമാറണം എന്നത് യുവതാരങ്ങളെ പഠിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. രാഹുല്‍ ദ്രാവിഡിന്‍റെ പഴയ അഭിമുഖം കാണിച്ചാണ്  കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും സോഷ്യല്‍ മീഡിയ ഉപദേശം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത 'എം.ടി.വി ബക്‌റ' എന്ന പരിപാടിയുടെ വീഡിയോ ആണിത്. താരങ്ങളെ രസകരമായ രീതിയില്‍ പറ്റിക്കുന്നതാണ് ഈ പരിപാടി. ഒരു എപ്പിസോഡില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഈ പരിപാടിയുടെ ഇര.

ബോളിവുഡ് നടി സയാലി ഭഗത് അവതാരകയുടെ വേഷത്തിലെത്തി ദ്രാവിഡിനെ കബളപ്പിക്കുകയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകായണെന്നും 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് സയാലി ദ്രാവിഡിനെ സമീപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ദ്രാവിഡ് അഭിമുഖത്തിന് അനുവാദം കൊടുക്കും. അഭിമുഖം കഴിഞ്ഞ ശേഷം സയാലി തനിക്ക് ദ്രാവിഡിനോടുള്ള പ്രണയം തുറന്നുപറയും. 

ദ്രാവിഡ് ഇരിക്കുന്ന സോഫയിലേക്ക് കയറി ഇരുന്നാണ് സയാലി തന്നെ വിവാഹം ചെയ്യാന്‍ ദ്രാവിഡിനോട് അഭ്യര്‍ത്ഥിക്കുന്നത്.

ഇതോടെ സീന്‍ മാറും. ദ്രാവിഡ് ആ റൂമില്‍ നിന്ന് എഴുന്നേറ്റോടാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ പിന്നീടുള്ളത്. എന്നാല്‍ സയാലിയുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് പുതിയ കഥാപാത്രമെത്തുന്നതോടെ ഇന്ത്യന്‍ താരം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. തന്റെ മകളെ വിവാഹം കഴിക്കൂ എന്ന് അച്ഛനും ദ്രാവിഡിനോട് ആവശ്യപ്പെടും. 

എന്നിട്ടും ദ്രാവിഡിന്റെ നിയന്ത്രണം നഷ്ടപ്പെടില്ല. ദേഷ്യപ്പെടാതെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ് താരം ശ്രമിക്കുന്നത്. സയാലിക്ക് 20 വയസ്സാണെന്ന് ചോദിച്ചുമനസ്സിലാക്കിയ ദ്രാവിഡ് അച്ഛനെ ഉപദേശിക്കാനും മറക്കുന്നില്ല. ഇപ്പോള്‍ കുട്ടികള്‍ പഠിക്കേണ്ട പ്രായമാണെന്നും മകളോട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറയൂ എന്നുമാണ് ദ്രാവിഡ് അച്ഛനോട് പറയുന്നത്. 'എം.ടി.വി ബക്‌റ' എന്ന പരിപാടി ആണെന്നറിയുന്നതോടെ ദ്രാവിഡ് ചിരിക്കുന്നതും ചമ്മല്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

loader