ബംഗ്ലാദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് 70 ഓവറിൽ 260 റൺസ് വിജയലക്ഷ്യം നൽകട്ടെ. ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു സല്‍മാന്‍ ആഗ പറഞ്ഞത്.
ധാക്ക: ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് ജയം ആഘോഷിക്കാന്‍ കാരണമായത് പാകിസ്ഥാന്‍ നായകനായ സല്‍മാന്‍ ആഗയുടെ വെല്ലുവിളി. നാലാം ദിനത്തിലെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സല്‍മാന്‍ ആഗ ബംഗ്ലാദേശിനെ പരിഹാസരൂപേണ വെല്ലുവിളിച്ചത്. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ മഴ വില്ലനായതോടെ കളി സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാൽ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആഗ ബംഗ്ലാദേശിനെ വെല്ലുവിളിച്ചത്.

ബംഗ്ലാദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് 70 ഓവറിൽ 260 റൺസ് വിജയലക്ഷ്യം നൽകട്ടെ. ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു സല്‍മാന്‍ ആഗ പറഞ്ഞത്. ബംഗ്ലാദേശിന് ജയം ലക്ഷ്യമിടുന്നില്ലെന്ന് പരോക്ഷമായി പരിഹസിക്കുക കൂടിയായിരുന്നു സൽമാൻ ആഗ. എന്നാൽ പാക് നായകന്‍റെ പ്രകോപനം ബംഗ്ലാദേശ് ഏറ്റെടുക്കുന്നതാണ് അവസാന ദിനം കണ്ടത്.
അഞ്ചാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് വെറും 20 ഓവറിൽ 88 റൺസ് അടിച്ചുകൂട്ടി സൽമാൻ പറഞ്ഞതുപോലെ 268 റൺസിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 240-9 എന്ന സ്കോറിലാണ് ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈൻ ഷാന്‍റോ ധീരമായ ഡിക്ലറേഷന്‍ നടത്തിയത്. സമനിലയ്ക്കല്ല, വിജയത്തിനാണ് തങ്ങൾ കളിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്.
268 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 163 റണ്‍സിന് ഓള്‍ ഔട്ടായതോടെ 104 റൺസിന്‍റെ തകര്‍പ്പന്‍ ജയം നേടി ബംഗ്ലാദേശ് ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. 5 വിക്കറ്റെടുത്ത പേസർ നഹീദ് റാണയുടെയും 2 വിക്കറ്റെടുത്ത ടസ്കിൻ അഹമ്മദിന്‍റെ ബൗളിംഗിന് മുന്നിൽ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. സ്വന്തം നാട്ടിൽ പാകിസ്ഥാനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. 2024-ൽ പാകിസ്ഥാനെ അവരുടെ നാട്ടിൽ 2-0 ന് തോൽപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന തുടർച്ചയായ മൂന്നാം ടെസ്റ്റ് ജയം. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 12 പോയിന്‍റ് സ്വന്തമാക്കിയ ബംഗ്ലാദേശ് പാകിസ്ഥാനെ മറികടക്കുകയും ചെയ്തു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ശനിയാഴ്ച ധാക്കയില്‍ തുടങ്ങും.
