ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് സ്ഥാനത്തേക്ക് എത്തുവാന്‍ പോകുകയാണ് ദ്രാവിഡ് എന്നാണ് സൂചന. അതിനിടയിലാണ് അച്ഛന്‍റെ വഴി തന്നെയാണ് മകനും എന്ന രീതിയില്‍ ദ്രാവിഡിന്‍റെ മകന്‍റെ വാര്‍ത്ത വരുന്നത്. രാഹുലിന്‍റെ മകന്‍ സമിത്ത് ക്ലബ് ക്രിക്കറ്റില്‍ നേടിയ സെഞ്ച്വറിയാണ് ഇത്തരം ഒരു വാര്‍ത്തയ്ക്ക് അടിസ്ഥാനം. അണ്ടര്‍ 14 ക്ലബ് ക്രിക്കറ്റിലാണ് ഇന്ത്യയുടെ ഗ്രേറ്റ് വാളിന്‍റെ മകന്‍റെ ഇന്നിംഗ്സ്.

ബംഗലൂരു യുണെറ്റഡ് ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ച സമിത്തിന്‍റ ഇന്നിംഗ്സില്‍ ടീം ടൈഗര്‍ കപ്പ് കരസ്ഥമാക്കുകയും ചെയ്തു. 11 വയസുകാരനാണ് സമിത്. ബുധനാഴ്ച ബംഗലൂരു ലയോള സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.

സമിത്തും, പ്രത്യൂഷ് ജിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 213 റണ്‍സിന്‍റെ കൂട്ട്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇപ്പോള്‍ ഐപിഎല്ലില്‍ ദില്ലി ടീമിന്‍റെ മെന്‍ററായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ ലോകക്കപ്പ് ഫൈനലില്‍ എത്തിച്ചിട്ടുണ്ട്.