ധര്‍മശാല: ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നല്ല തുടക്കം. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. 58 റണ്‍സുമായി രാഹുലും 29 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.11 റണ്‍സെടുത്ത മുരളി വിജയ്‌യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഹേസല്‍വുഡിനാണ് വിക്കറ്റ്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ സ്കോര്‍ 21ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേറ്റു. ഹേസല്‍വുഡിന്റെ പന്തില്‍ മുരളി വിജയ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് പിടികൊടുത്ത് മടങ്ങി. വിജയ് വീണശേഷം എത്തിയ പൂജാര കരുതലോടെയാണ് തുടങ്ങിയത്. ലഞ്ചിന് മുമ്പ് ഇരുവരും കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ 64 റണ്‍സിലെത്തിച്ചു.

ലഞ്ചിനുശേഷം കൂടുതല്‍ ആക്രമിച്ച് കളിച്ച രാഹുല്‍ പരമ്പരയിലെ തന്റെ അഞ്ചാം അര്‍ധസെഞ്ചുറി തികച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ മുന്‍നിര ബാറ്റിംഗ് തിളങ്ങേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്.