ധര്‍മ്മശാല: ഈ പരമ്പരയില്‍ അഞ്ച് അര്‍ധസെഞ്ചുറി നേടിയിട്ടും അതിലൊരെണ്ണം പോലും സെഞ്ചുറിയാക്കി മാറ്റാന്‍ കഴിയാത്ത താരമാണ് കെ എല്‍ രാഹുല്‍. രാഹുലിന് സെഞ്ചുറിയോട് വെറുപ്പാണോ എന്ന് കമന്റേറ്റര്‍മാര്‍ പോലും ചോദിച്ചു തുടങ്ങി. ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ ടോപ് സ്കോറര്‍ രാഹുലായിരുന്നു.
ലഞ്ചിന് മുമ്പ് കരുതലോടെ കളിച്ച രാഹുല്‍ ലഞ്ചിന് ശേഷം ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ടു നീങ്ങി. എന്നാല്‍ 60 റണ്‍സില്‍ നില്‍ക്ക് രാഹുലിനെ ബൗണ്‍സര്‍ എറിഞ്ഞ് പേടിപ്പിച്ച കമിന്‍സ് രാഹുലിനെ പ്രകോപിപ്പിച്ചു. കമിന്‍സിന്റെ വക കമന്റുകള്‍ കൂടി ആയതോടെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ രാഹുലും ഒരുങ്ങി.
ഇത് തിരിച്ചറിഞ്ഞ് കമിന്‍സ് ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ ബൗണ്‍സറില്‍ ബൗണ്ടറിക്ക് ശ്രമിച്ച രാഹുലിന് പിഴച്ചു. രാഹുലിന്റെ സിക്സര്‍ ശ്രമം സര്‍ക്കിളില്‍ വാര്‍ണറുടെ കൈകകളില്‍ ഒതുങ്ങി. പരമ്പരയില്‍ രാഹുല്‍ നേടുന്ന അഞ്ചാമത്തെ അര്‍ധസെഞ്ചുറിയായിരുന്നു ഇത്. എന്നാല്‍ ഇതിലൊന്നുപോലും സെഞ്ചുറിയാക്കി മാറ്റാന്‍ രാഹുലിനായില്ല.
