നിഥിയുമായുള്ളത് വര്‍ഷങ്ങളുടെ സൗഹൃദമെന്ന് രാഹുല്‍ തനിക്ക് ഇതുവരെ പ്രണയബന്ധങ്ങളില്ല

മുംബെെ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബോളിവുഡ് സുന്ദരി നിഥി അഗര്‍വാളും മുംബെെയിലെ ഭക്ഷണശാലയില്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ രാഹുലും നിഥിയും തമ്മില്‍ എന്താണ് ബന്ധമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇരുവരുടെയും ആരാധകര്‍.

അവസാനം അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് കെ.എല്‍. രാഹുല്‍. താനും നിഥിയും സുഹൃത്തക്കള്‍ മാത്രമാണെന്നും ഏറെ നാളായി പരസ്പരം അറിയാവുന്നരാണെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്‍റെ വധുവാകാന്‍ പോകുന്നയാളെ രാജകുമാരിയെ പോലെ നോക്കുമെന്നും ഇതുവരെ തനിക്ക് ഇതുവരെ പ്രണയ ബന്ധങ്ങളില്ലെന്നും ഇന്ത്യന്‍ താരം പറയുന്നു.

ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കള്‍ ആയിരിക്കാന്‍ സാധിക്കില്ലേ. താനും നിധിയും ഒരേ നഗരത്തില്‍ നിന്നുള്ളവരാണ്. അവര്‍ അവരുടേതായ മേഖലയില്‍ ശോഭിക്കുന്നത് കാണുന്നത് സന്തോഷമാണ്. ബംഗളൂരുവില്‍ നിന്ന് ഇതുപോലെ സൗഹൃദമുള്ള മൂന്നോ നാലോ പേര്‍ മുംബെെയിലുണ്ട്. അവരുടെ കൂടെയായിരിക്കുന്നത് വളരെ ആനന്ദമുള്ള കാര്യമാണ്. മറ്റൊന്നും ഇതിനു പിന്നിലില്ല.

തനിക്ക് പ്രണയബന്ധമുണ്ടാകുമ്പോള്‍ അതു മറച്ചുവെയ്ക്കില്ലെന്നും രാഹുല്‍ എന്‍ഡിടിവിയോട് പറഞ്ഞു. രാഹുലും നിഥിയുമായുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. രാഹുലിന്‍റെ ഇന്‍സ്റ്റാഗ്രാമിലെ ഫാന്‍ പേജ് ഇരുവരുമൊത്തുള്ള ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുന്ന മെെക്കല്‍ എന്ന ചിത്രത്തിലൂടെയാണ് നിഥി ശ്രദ്ധേയയായത്.

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മിന്നുന്ന പ്രകടനമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഓപ്പണറായി രാഹുല്‍ കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ 54.91 ശരാശരിയില്‍ 659 റണ്‍സ് കര്‍ണാടക സ്വദേശിയായ രാഹുല്‍ അടിച്ചു കൂട്ടി. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയും രാഹുല്‍ കുറിച്ചു.

16 പന്തില്‍ 51 റണ്‍സ് നേടിയായിരുന്നു വെടിക്കെട്ട്. ഐപിഎല്ലിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ചരിത്രമാകാന്‍ പോകുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് രാഹുല്‍ ഇനി ഇന്ത്യക്കായി പാഡണിയുക. ജൂണ്‍ 14 മുതല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.