ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 45 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ലക്ഷ്യം മറികടന്നത്. ഓപ്പണറായി എത്തിയ കെ.എല്‍. രാഹുലിന്റെ കന്നി ഏകദിന സെഞ്ചുറിയുടെയും ജസ്‌പ്രീത് ബൂമ്രയുടെ നാലു വിക്കറ്റ് പ്രകടനത്തിന്റെയും മികവിലാണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്.

115 പന്തില്‍ 100 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നപ്പോള്‍ 62 റണ്‍സുമായി അംബാട്ടി റായിഡു മികച്ച പിന്തുണ നല്‍കി. 7 റണ്‍സെടുത്ത കരുണ്‍ നായരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുലും റായിഡുവും ചേര്‍ന്ന് 162 റണ്‍സ് അടിച്ചെടുത്തു. സ്കോര്‍ സിംബാബ്‌വെ 49.5 ഓവറില്‍ 168ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 173/1. രാഹുലാണഅ കളിയിലെ കേമന്‍.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 49.5 ഓവറില്‍ 168 റണ്‍സിന് പുറത്തായി. 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബൂമ്രയാണ് സിംബാബ്‌വെയെ എറിഞ്ഞിട്ടത്. തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് എത്തിയപ്പോഴെ ഓപ്പണര്‍ പീറ്റര്‍ മൂറിനെ(3) നഷ്‌ടമായി. സ്രാനായിരുന്നു വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ടപ്പോള്‍ മികച്ചൊരു കൂട്ടുകെട്ടുയര്‍ത്താന്‍ സിംബാബ്‌വെയ്‌ക്കായില്ല. 41 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബരയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. സ്റ്റീവ് ഇര്‍വിന്‍(21), സിക്കന്ദര്‍ റാസ(23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ബൂമ്ര നാലു വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി(42/2), ബരീന്ദര്‍ സ്രാന്‍(42/ 2) എന്നിവരും ബൗളിംഗില്‍ തിളങ്ങി.