കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് നഷ്‌ടമായി. മഴ മൂലം കളി നിര്‍ത്തിവെയ്‌ക്കുമ്പോള്‍ രണ്ടിന് 17 എന്ന നിലയിലാണ് ഇന്ത്യ. റണ്‍സെടുക്കുംമുമ്പ് കെ എല്‍ രാഹുലും, എട്ടു റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് പുറത്തായത്. കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ എട്ടു റണ്‍സോടെ ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ നായകന്‍ വിരാട് കോലിയുമാണ് ക്രീസിലുള്ളത്. ലങ്കന്‍ പേസര്‍ സുരംഗ ലക്‌മലാണ് രണ്ടു വിക്കറ്റും സ്വന്തമാക്കിയത്. ധവാനെ ക്ലീന്‍ബൗള്‍ഡാക്കിയ ലക്‌മല്‍, രാഹൂലിനെ ഡിക്ക്‌വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. മല്‍സരത്തിലെ ആദ്യ പന്തിലാണ് രാഹുലിന്റെ വിക്കറ്റ് നഷ്‌ടമായത്. 8.2 ഓവര്‍ ആയപ്പോഴാണ് വെളിച്ചക്കുറവും മഴയും കാരണം കളി വീണ്ടും നിര്‍ത്തിവെച്ചത്.
രാവിലെ മഴ കാരണം മല്‍സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ സെഷന്‍ നഷ്‌ടമാകുകയും ചെയ്തു. ഒടുവില്‍ മഴ മാറി ടോസ് ഇട്ടെങ്കിലും കളി തുടങ്ങുന്നത് തടസപ്പെടുത്തി വീണ്ടും മഴയെത്തി.
പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാറും ടീമിലുണ്ട്.
ജഡേജയും അശ്വിനുമാണ് സ്പിന്നര്‍മാര്‍. രാഹുലും ധവാനും ഓപ്പണര്‍മാരായപ്പോള്‍ മുരളി വിജയ് ടീമില്‍നിന്ന് പുറത്തായി. 1969നുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഈഡനില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നത്.
പൊതുവെ സ്പിന്നിനെ തുണക്കാറുള്ള കൊല്‍ക്കത്തയില്‍ ഇത്തവണ പേസിനെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
