തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവ് വീണ്ടും. ബാറ്റിങില്‍ അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങിയ സക്സേന രാജസ്ഥാന്റെ ആറു വിക്കറ്റുകളും സ്വന്തമാക്കിയതോടെ കേരളത്തിന് വ്യക്തമായ മേല്‍ക്കൈ. ആദ്യ ഇന്നിംഗ്സില്‍ 335 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ആറിന് 134 എന്ന നിലയിലാണ് രാജസ്ഥാന്‍. രാജസ്ഥാന്റെ ആറു വിക്കറ്റും ജലജ് സക്സേനയാണ് സ്വന്തമാക്കിയത്. 46 റണ്‍സ് വഴങ്ങിയാണ് സക്സേനയുടെ ആറു വിക്കറ്റ് നേട്ടം. 62 റണ്‍സെടുത്ത ദിശന്ത് യാഗ്നിക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

മൂന്നിന് 232 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന കേരളം 103 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ഔട്ടാകുകയായിരുന്നു. കേരളത്തിന് വേണ്ടി സക്സേനയ്‌ക്കും രോഹന്‍പ്രേമിനും പിന്നാലെ സച്ചിന്‍ ബേബിയും(78) അര്‍ദ്ധസെഞ്ച്വറി നേടി. എന്നാല്‍ 42 റണ്‍സിന് പുറത്തായ സഞ്ജു വി സാംസണ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. രാജസ്ഥാന് വേണ്ടി മഹിപാല്‍ ലോംറര്‍ നാലു വിക്കറ്റെടുത്തു.