ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് യോഗ്യത ലഭിച്ചത്.

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് യോഗ്യത നേടി. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് യോഗ്യത ലഭിച്ചത്. 14 മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാനുള്ളത്. പഞ്ചാബിന് സ്വന്തമാക്കാനായത് 12 പോയിന്‍റ് മാത്രം. 

പുനെയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് 153ന് എല്ലാവരും പുറത്തായി മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ പഞ്ചാബിന് ചെന്നൈയെ 50 റണ്‍സിന് തോല്‍പ്പിക്കണമായിരുന്നു. 61 റണ്‍സ് നേടിയ സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സ്ഥാനക്കയറ്റം ലഭിച്ച ദീപക് ചാഹര്‍ 20 പന്തില്‍ 39 റണ്‍സെടുത്തു. 16 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. 

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പഞ്ചാബ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് ആകുന്നതിനിടെ മുന്‍നിര താരങ്ങളായ ക്രിസ് ഗെയ്ല്‍ (0), കെ.എല്‍. രാഹുല്‍ (7), ആരോണ്‍ ഫിഞ്ച് (4) എന്നിവര്‍ കൂടാരം കയറി. പിന്നീട് മനോജ് തിവാരി (35), ഡേവിഡ് മില്ലര്‍ (24), കരുണ്‍ നായര്‍ (54) എന്നിവരാണ് റണ്ണില്ലായ്മയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത്. 

ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡ് നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ ഠാകൂര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ദീപ് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.