ഇന്‍ഡോര്‍: ഒരാഴ്ച മുമ്പ് രോഹിത് ശര്‍മ ഏകദിനത്തിലെ മൂന്നാം ഇരട്ടശതകം കുറിച്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ തീക്കാറ്റായി ആഞ്ഞടിച്ച് വിദര്‍ഭ പേസര്‍ രജനീഷ് ഗുര്‍ബാനി. രഞ്ജി ട്രോഫി ഫൈനലില്‍ ഗുര്‍ബാനിയുടെ ഹാട്രിക്ക് മികവില്‍ ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് 295 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹിക്കായി ഹിമ്മത്ത് സിംഗ് 66 റണ്‍സും നിതീഷ് റാണയും റിഷഭ് പന്തും 21 റണ്‍സ് വീതവുമെടുത്തു. വിദര്‍ഭ രണ്ടാം ദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെടുത്തിട്ടുണ്ട്. 61 റൺസുമായി വസീം ജാഫറും റണ്ണൊന്നുമെടുക്കാതെ അക്ഷയ് വഖാരെയും ക്രീസിലുണ്ട്.
ഹാട്രിക്ക് അടക്കം 59 റണ്‍സ് വഴങ്ങി ഗുര്‍ബാനി ആറു വിക്കറ്റെടുത്തു. തന്റെ 24-ാം ഓവറിലെ അവസാന പന്തില്‍ സെഞ്ചുറിയുമായി ഡല്‍ഹിയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കി ധ്രുവ് ഷോറെയെ(145) ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ ഗുര്‍ബാനി അടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ വികാസ് മിശ്രയെയും നവദീപ് സെയ്നിയെയും ബൗള്‍ഡാക്കി ഹാട്രിക്ക് തികച്ചു. രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറാണ് 24കാരനായ ഗുര്‍ബാനി. 1972/73 സീസണില്‍ തമിഴ്നാടിന്റെ കല്യാണസുന്ദരമാണ് ഗുര്‍ബാനിക്ക് മുമ്പ് ഹാട്രിക്ക് തികച്ച ഏകതാരം.
ചരിത്രത്തിലാദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തതും ഗുര്‍ബാനിയായിരുന്നു. 14 ഓവറില്‍ 38 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഗുര്‍ബാനിയാണ് വിദര്‍ഭയ്ക്കെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്കള്‍ എറിഞ്ഞിട്ടത്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി കേരളം 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെമിയിലും കര്‍ണാടകക്കെതിരെ 12 വിക്കറ്റ് വീഴ്ത്തിയ ഗുര്‍ബാനിയുടെ മികവാണ് വിദര്‍ഭയെ ആദ്യമായി രഞ്ജി ഫൈനലില്‍ എത്തിച്ചത്.
