ഇന്ത്യ കപ്പുയര്‍ത്തിയ 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ അന്വേഷിക്കണമെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. മത്സരത്തില്‍ കമന്റേറ്ററായിരുന്ന രണതുംഗ സ്വന്തം ടീമിന്റെ പ്രകടനത്തില്‍ അതൃപ്തനാണെന്നും അഭിപ്രായപ്പെട്ടു. അന്ന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് പറയാനാവില്ലെന്നും ഏതെങ്കിലുമൊരു താരം തെളിവുകളോടെ സത്യം തുറന്ന് പറയുമെന്നാണ് പ്രതീക്ഷയെന്നും രണതുംഗ പറഞ്ഞു. ശ്രീലങ്കന്‍ താരങ്ങള്‍ തീവ്രവാദി ആക്രമണത്തിനിരയായ 2009ലെ പാക്കിസ്ഥാന്‍ പര്യടനം അന്വേഷിക്കണമെന്ന കുമാര്‍ സംഗക്കാരയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രണതുംഗ.
വാംഖഡയിലെ ഫൈനലില്‍ ശ്രീലങ്കയുയര്‍ത്തിയ 275 റണ്‍സ് ആറ് വിക്കറ്റിന് മറികടന്നാണ് ഇന്ത്യ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പുയര്‍ത്തിയത്. തുടക്കത്തിലെ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ വീണിട്ടും ഗംഭീറിന്റെയും ധോണിയുടെയും പ്രതിരോധത്തിനുമുമ്പില്‍ ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. അതിനാല്‍തന്നെ സ്വാഭാവികമായ സംശയങ്ങള്‍ മത്സരത്തെക്കുറിച്ച് തോന്നുന്നു എന്നാണ് രണതുംഗ പറഞ്ഞത്. താരങ്ങള്‍ക്ക് കുമ്പസരിക്കാനുള്ള സമയമാണിതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കൊളംബോയില്‍! നടത്തിയ വാര്‍ത്താസമ്മേള!ത്തില്‍ മന്ത്രി കൂടിയായ മുന്‍ ലോകകപ്പ് നായകന്‍ ആവശ്യപ്പെട്ടു.
2009ലെ പാക്കിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനിടയില്‍ ലാഹോറില്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെനടന്ന തീവ്രവാദി ആക്രമണത്തില്‍ സംഗക്കാരയും ജയവര്‍ധനയും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിക്കാതെ പരമ്പര തീരുമാനിച്ചതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്ന ചോദ്യം കുമാര്‍ സംഗക്കാര കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. അര്‍ജുന രണതുംഗയായിരുന്നു അന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍.
