റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഓസ്ട്രേലിയ പൊരുതുന്നു.23/2 എന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണര്‍ മാറ്റ് റെന്‍ഷായുടെയും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെയും നഷ്ടമായി. അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 83/4 എന്ന നിലയിലാണ് ഓസീസ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഓസീസിനിയും 69 റണ്‍സ് കൂടി വേണം. 15 റണ്‍സോടെ ഷോണ്‍ മാര്‍ഷും നാലു റണ്ണുമായി ഹാന്‍ഡ്സ്കോമ്പുമാണ് ക്രീസില്‍.
പൊരുതാനുറച്ചുതന്നെയാണ് അഞ്ചാം ദിനം സ്മിത്തും റെന്‍ഷായും ക്രീസിലിറങ്ങിയത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്ന ഓസീസ് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. സ്മിത്തിന് തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് പേസ് ബൗളര്‍മാര്‍ പരീക്ഷിച്ചെങ്കിലും സ്മിത്ത് ആ കെണെയില്‍ വീണില്ല. മാറ്റ് റെന്‍ഷായും പ്രതിരോധം കൊണ്ട് ഇന്ത്യയെ വട്ടം കറക്കി. ഒടുവില്‍ ഇഷാന്ത് ശര്‍മയാണ് ഇന്ത്യ കാത്തിരുന്ന ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. റെന്‍ഷായെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 84 പന്ത് നേരിട്ട റെന്‍ഷാ 15 റണ്‍സെടുത്തു.
അധികം വൈകാതെ ജഡേജ സ്മിത്തിന്റെ പ്രതിരോധം തകര്‍ത്തു. ലെഗ് സ്റ്റമ്പില്‍ പിച്ച് ചെയ്ത പന്ത് ലീവ് ചെയ്ത സ്മിത്തിന്റെ ഓഫ് സ്റ്റമ്പിളകി. ഇന്ത്യ ഏറ്റവും അധികം കൊതിച്ച വിക്കറ്റ്. 68 പന്തില്‍ 21 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. ഉച്ചഭക്ഷണത്തിന് ശേഷം സ്പിന്നര്‍മാര്‍ വീണ്ടും മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് ജയം എളുപ്പമാകും.
