12 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ 40കാരനായ ഹെറാത്ത് തിരശീലയിടുന്നത്.
കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും വലിയ ഇടംകൈയന്‍ സ്പിന്നറായ രങ്കണ ഹെറാത്ത് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന ഇംഗ്ലണ്ട് പര്യടനമായിരിക്കും തന്റെ കരിയറിലെ അവസാന പരമ്പരയെന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 199 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയശേഷം ഹെറാത്ത് പറഞ്ഞു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ 98 റണ്‍സ് വഴങ്ങി ഹെറാത്ത് ആറു വിക്കറ്റെടുത്തിരുന്നു.
12 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ 40കാരനായ ഹെറാത്ത് തിരശീലയിടുന്നത്.
മുത്തയ്യ മുരളീധരന്‍ വിരമിച്ചശേഷം 2010 മുതല്‍ ലങ്കയുടെ ബൗളിംഗ് കുന്തമുനയായിരുന്നു ഹെറാത്ത്. ലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനും ഹെറാത്താണ്. ലങ്കക്കായി ഇതുവരെ 92 ടെസ്റ്റുകളില്‍ നിന്ന് 430 വിക്കറ്റുകളാണ് ഹെറാത്ത് സ്വന്തമാക്കിയത്. 184 റണ്‍സ് വഴങ്ങി 14 വിക്കറ്റ് സ്വന്തമാക്കിയതാണ് ഒറു ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ടെസ്റ്റില്‍ 34 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒമ്പത് തവണ പത്തു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ ഹെറാത്ത് വിരമിച്ചിരുന്നു. 71 കളികളില്‍ 74 വിക്കറ്റാണ് ഏകദിനത്തില്‍ ഹെറാത്തിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ 2-0 വിജയത്തിലേക്ക് നയിച്ചശേഷമാണ് ഹെറാത്ത് വിരമിക്കാനുള്ള തീയതി പ്രഖ്യാപിച്ചത്.
