രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് 62 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി... 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് അഞ്ച് വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് 62 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. 77 റണ്‍സെടുത്ത രജതും 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭവുമാണ് മധ്യപ്രദേശിന് ജയം സമ്മാനിച്ചത്. സ്‌കോര്‍: കേരളം- 63, 455... മധ്യപ്രദേശ്- 328, 194/5. 

രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ മൊഹ്‌നിഷ് മിശ്ര (12), ആര്യമാന്‍ വിക്രം ബിര്‍ല (23) എന്നിവരുടെ വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലെ നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വികറ്റില്‍ രജത് മധ്യപ്രദേശിനെ വിക്കറ്റ് വീഴ്‌ച്ചയില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഇടയ്ക്ക് യാഷും(19) ഓജയും(4) വേഗം പുറത്തായതോടെ കേരളം പ്രതീക്ഷ തിരിച്ചുപിടിച്ചു. എന്നാല്‍ പുറത്താകാതെ 11 റണ്‍സെടുത്ത സരണ്‍ഷിനെ കൂട്ടുപിടിച്ച് ശുഭം സന്ദര്‍ശകരെ ജയിപ്പിക്കുകയായിരുന്നു. കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടും സക്‌സേനയും അക്ഷയ് കെ.സിയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. 193 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. ബേസില്‍ തമ്പി 57 റണ്‍സ് നേടി. 282 പന്തില്‍ ഒരു സിക്‌സിന്റേയും 23 ഫോറിന്റേയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റണ്‍സെടുത്തത്. 107 പന്തില്‍ രണ്ട് സിക്‌സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റില്‍ 131 റണ്‍സാണ് ബേസില്‍ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 

നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ ബേബി 143 റണ്‍സെടുത്തിരുന്നത്. ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു.