വിടവാങ്ങല്‍ മത്സരത്തില്‍ ഗൗതം ഗംഭീറിന് ഗംഭീര സെഞ്ചുറി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീര്‍ ആന്ധ്രക്കെതിരെ തന്റെ അവസാന മത്സരത്തില്‍ 112 റണ്‍സടിച്ചാണ് ഡല്‍ഹിയുടെ നട്ടെല്ലായത്.

ദില്ലി: വിടവാങ്ങല്‍ മത്സരത്തില്‍ ഗൗതം ഗംഭീറിന് ഗംഭീര സെഞ്ചുറി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീര്‍ ആന്ധ്രക്കെതിരെ തന്റെ അവസാന മത്സരത്തില്‍ 112 റണ്‍സടിച്ചാണ് ഡല്‍ഹിയുടെ നട്ടെല്ലായത്. ഗംഭീറിന്റെ കരിയറിലെ 43-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. ഇന്നലെ 92 റണ്‍സുമായി പുറത്താകാതെ നിന്ന ഗംഭീര്‍ ഇന്ന് നാലാം ഓവറില്‍ അയ്യപ്പ ബണ്ഡാരുവിന്റെ ബൗളിംഗില്‍ രണ്ട് റണ്‍സ് ഓടിയെടുത്താണ് മൂന്നക്കം കടന്നത്. 185 പന്തില്‍ 112 റണ്‍സെടുത്ത ഗംഭീര്‍ ഷൊഹൈബ് ഖാന്റെ പന്തില്‍ പുറത്തായി.

ഗംഭീറിന്റെ സെഞ്ചുറി ആന്ധ്രക്കെതിരെ ഡല്‍ഹിക്ക് ഒന്നാം ഇന്നിംഗ്സ് ലീഡും സമ്മാനിച്ചു. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 390 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെന്ന നിലയിലാണ്. ഗംഭീറിന് പുറമെ ക്യാപ്റ്റന്‍ ധ്രുവ് ഷോറെ(98), ഹിതന്‍ ദലാല്‍(58) എന്നിവരും ഡല്‍ഹിക്കായി തിളങ്ങി.

2016ല്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ച 37കാരനായ ഗംഭീര്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കിയ താരമാണ്. ട്വന്റി-20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിപ്പോഴും ഫൈനലില്‍ ഗംഭീറായിരുന്നു ടോപ് സ്കോറര്‍.