ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി തമിഴ്നാട്. ആദ്യദിനം 81/5 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട് തമിഴ്നാട് കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 87 റണ്‍സെടുത്ത ഇന്ദ്രജിത്തിന്റെയും 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷാരൂഖ് ഖാന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് തമിഴ്‌നാട് തകര്‍ച്ചയില്‍ നിന്ന് കരകയറിയത്.

25 റണ്‍സെടുത്ത മൊഹമ്മദാണ് ഷാരൂഖ് ഖാനൊപ്പം ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷാരൂഖ് ഖാനും മൊഹമ്മദും ചേര്‍ന്ന് 65 റണ്‍സെടുത്തിട്ടുണ്ട്. കേരളത്തിനായി സന്ദീപ് വാര്യര്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു. ടോസ് നേടിയ തമിഴ്നാട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദിനെ ആദ്യ പന്തില്‍ തന്നെ സന്ദീപ് വാര്യര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ(4) ബേസില്‍ തമ്പി അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു.