കല്‍പ്പറ്റ: രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം സെമിയിലെത്തുമ്പോള്‍ അതിന് ആദ്യം നന്ദി പറയേണ്ടത് പരിശീലകന്‍ ഡേവ് വാട്മോറിനോടാണ്. ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗണ്ടറിക്ക് പുറത്തായിരുന്ന കേരളത്തെ പോലെ ഒരു  ചെറിയ ടീമിനെ  ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിരയിലെത്തിച്ചത് ഡേവ് വാട്മോര്‍ എന്ന രാജ്യാന്തര പരിശീലകന്റെ മികവായിരുന്നു. ആദ്യ സീസണില്‍ തന്നെ കേരളത്തെ ക്വാര്‍ട്ടറിലെത്തിച്ച് അത്ഭുതം കാട്ടിയ വാട്മോര്‍ രണ്ടാം സീസണില്‍ ഒരു പടികൂടി കടന്ന് കേരളത്തെ ഇന്ത്യയിലെ നാല് മുന്‍നിര ടീമുകളിലൊന്നാക്കിയിരിക്കുന്നു.

ബംഗാളും പഞ്ചാബും തമിഴ്നാടും ഡല്‍ഹിയും ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുക എന്നതുതന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം കടുപ്പമായിരുന്നു. എന്നാല്‍ അവിശ്വാസികളെയെല്ലാം റണ്ണൗട്ടാക്കി സീസണില്‍ നാലു ജയവുമായി കേരളം ക്വാര്‍ട്ടറിലെത്തി. ജയം അനിവാര്യമായ മത്സരത്തില്‍ ഹിമാചലിനെതിരെ കേരളം പുറത്തെടുത്ത പോരാട്ടവീര്യം തന്നെ ടീമിന്റെ മികവിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി. രണ്ടാം ഇന്നിംഗ്സില്‍ 297 റണ്‍സിന് പിന്തുടര്‍ന്ന് ജയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്.

പരിശീലകനെന്ന നിലയില്‍ കര്‍ക്കശക്കാരനല്ല വാട്മോര്‍. കളിക്കാര്‍ക്ക് അവരുടെ സ്വാഭാവിക കളി പുറത്തെടുക്കാനും ഒപ്പം ആസ്വദിച്ചു കളിക്കാനും അവസരമൊരുകുക എന്നതായിരുന്നു വാട്മോര്‍ ചെയ്തത്. ഒപ്പം കളിക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുകയും അവരില്‍ ആത്മവിശ്വാസവും വിജയതൃഷ്ണയും നിറക്കുകയും ചെയ്തു. അതുതന്നെയായിരുന്നു ഇത്തവണ കേരളത്തിന്റെ വിജയമന്ത്രവും. 1996ലെ ലോകകപ്പില്‍ ശ്രീലങ്കയെപ്പോലൊരു ടീമിനെ ലോകചാമ്പ്യന്‍മാരാക്കിയ വാട്മോറിന്റെ തന്ത്രജ്ഞത കേരളത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

ക്യാപ്റ്റന്‍സിയില്‍ ബേബിയായിരുന്നില്ല സച്ചിന്‍

രഞ്ജി സീസണിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ ടീമില്‍ നിന്നുതന്നെ കലാപക്കൊടി ഉയര്‍ന്നപ്പോള്‍ ഈ സീസണില്‍ അത്ഭുതങ്ങളൊന്നും കേരളത്തിലെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കോച്ചിനൊപ്പം മുന്നില്‍ നിന്ന് നയിക്കാനും ടീം അംഗങ്ങളുടെയെല്ലാം ആദരവ് പിടിച്ചുപറ്റാനും സച്ചിനായി. ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നല്‍കാതിരുന്ന മത്സരങ്ങളിലും തന്ത്രങ്ങള്‍കൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും ബാറ്റിംഗ് ഓര്‍ഡറിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ കൊണ്ടും സച്ചിന്‍ ബേബി യഥാര്‍ത്ഥ നായകനായി. ക്വാര്‍ട്ടറില്‍ ഗുജറാത്ത് നായകന്‍ പാര്‍ഥിവ് പട്ടേലിനെ റണ്ണൗട്ടാക്കിയ സച്ചിന്‍ ബേബി ജയിക്കാമെന്ന അവരുടെ ആത്മവിശ്വാസമായിരുന്നു എറിഞ്ഞിട്ടത്.

സക്സേന എന്ന സക്സസ് മന്ത്രം

കഴിഞ്ഞ രണ്ടു സീസണിലും കേരളത്തിന് അടിച്ച ലോട്ടറിയായിരുന്നു ജലജ് സക്സേന എന്ന ഓള്‍ റൗണ്ടര്‍. ആദ്യ മത്സരങ്ങളില്‍ പന്തുകൊണ്ട് എതിരാളികളെ കറക്കി വീഴ്‌ത്തിയ സക്നേന നിര്‍ണായകഘട്ടങ്ങളില്‍ കേരളത്തിന്റെ ബാറ്റിംഗ് നട്ടെല്ലായി. ഈ സീസണില്‍ 537 റണ്‍സുമായി കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍ ചുമലിലേറ്റിയ സക്സേന 28 വിക്കറ്റുമായി ബൗളിംഗിലും മികവ് ആവര്‍ത്തിച്ചു.

പേസ് കരുത്തായി തമ്പിയും വാര്യരും

കഴിഞ്ഞ സീസണില്‍ എതിരാളികളെ ജലജ് സക്സേന കറക്കി വീഴ്ത്തിയപ്പോള്‍ പേസ് കരുത്തിലായിരുന്നു ഇത്തവണ കേരളത്തിന്റെ മുന്നേറ്റം. സീസണില്‍ ഇതുവരെ 39 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും 33 വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും ചേര്‍ന്നാണ് കേരളത്തിന്റെ സെമി പ്രവേശനം സാധ്യമാക്കിയത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിന്റെ രണ്ടാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയതും ഇരുവരും ചേര്‍ന്നായിരുന്നു.